തെരുവുനായ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്
1575160
Saturday, July 12, 2025 7:20 AM IST
കടുത്തുരുത്തി: തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്. മുളക്കുളം തെക്കേക്കര പുളിക്കക്കുന്ന് സ്വദേശികളായ ചന്ദ്രവേലില് കുഞ്ഞുമോള്‍ മണി (62), കല്ലിടിക്കില്‍ അമ്മിണി മത്തായി (74) എന്നിവര്‍ക്കാണു തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ ആക്രമിച്ചു.
ഇന്നലെ പകലാണ് സംഭവം. ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ കുഞ്ഞുമോളെ ഇന്നലെ രാവിലെ പത്തോടെ തെരുവുനായ കടിക്കുകയായിരുന്നു. കൈക്കും കാലിനുമാണ് പരിക്കേറ്റത്. ഉടന്‍തന്നെ സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ ബിജുവിന്റെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു കുഞ്ഞുമോള്‍ക്ക് ചികിത്സ നല്കി.
കുഞ്ഞുമോളെ തിരികെ വീട്ടിലെത്തിച്ച് അല്പസമയം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടോടെയോടെയാണ് ബിജുവിന്റെ അമ്മ അമ്മിണിയെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് തുണിയലക്കിക്കൊണ്ടിരുന്ന അമ്മിണിയെ പിന്നില്‍നിന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. ആക്രമ ണത്തിൽ നായയുടെ പല്ല് ഇവരുടെ വസ്ത്രത്തില്‍ കുടുങ്ങി. പിടിവലിക്കിടെ നിലത്തുവീണ അമ്മിണിയുടെ കൈയിലും കാലിലും നായ കടിച്ചു.
തുടര്‍ന്ന് അമ്മിണിയെയും മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുളക്കുളം, പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പെരുവ സ്വദേശിയായ എ.എം. രവീന്ദ്രന് പറഞ്ഞു.