നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഐറിൻ ജിമ്മി യാത്രയായി
1575184
Sunday, July 13, 2025 2:48 AM IST
അരുവിത്തുറ: നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഐറിൻ യാത്രയായി. കഴിഞ്ഞ ദിവസം മീനച്ചിലാറ്റിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഈരാറ്റുപേട്ട കൊണ്ടൂർ പാലാത്ത് ഐറിൻ ജിമ്മിയുടെ സംസ്കാരം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു.
കഴിഞ്ഞ ഒമ്പതിന് ഐറിനും സഹോദരിയും കൂട്ടുകാരും മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഐറിൻ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഐറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സന്നദ്ധ പ്രവർത്തകർ ഐറിനെ വെള്ളത്തിൽനിന്ന് മുങ്ങിയെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾ കഴിഞ്ഞ് ഐറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഐറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടെ പഠിച്ചവരും അധ്യാപകരും വൈദികരും സന്യസ്തരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് എത്തിയത്. പ്ലസ് ടു പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഒരുങ്ങിയിരിക്കുമ്പോഴായിരുന്നു എല്ലാവരെയും സങ്കടത്തിലാഴ്ത്തി ഐറിൻ കടന്നുപോയത്.