കേരള എൻസിസി ഇന്റർ ഗ്രൂപ്പ് സ്പോർട്സ് ഷൂട്ടിംഗ് മത്സരം സമാപിച്ചു
1574962
Saturday, July 12, 2025 12:11 AM IST
എരുമേലി: എംഇഎസ് കോളജിൽ പത്തു ദിവസമായി നടന്ന കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ചു ഗ്രൂപ്പുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറ് എൻസിസി കേഡറ്റുകളുടെ ഷൂട്ടിംഗ് കോമ്പറ്റീഷൻ സമാപിച്ചു. എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ കോട്ടയത്തിന്റെയും 16 കേരള ബറ്റാലിയൻ എൻസിസി കോട്ടയത്തിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.
ഷൂട്ടിംഗ് കോമ്പറ്റീഷനിൽ കോട്ടയം ഗ്രൂപ്പ് ഓവറോൾ ചാന്പ്യൻഷിപ്പും തിരുവനന്തപുരം ഗ്രൂപ്പ് റണ്ണേഴ്അപ്പുമായി. സമ്മാനദാനം കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനുവേണ്ടി എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ്. റെഡി നടത്തി. എംഇഎസ് കോളജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സി.യു. അബ്ദുൾ കരീം, പ്രിൻസിപ്പൽ പ്രഫ.ഡോ.എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ ഷൂട്ടിംഗ് മത്സരങ്ങളിൽ വിജയികളായ 30 കേഡറ്റുകൾക്ക് ഓഗസ്റ്റ് അഞ്ചിന് മഹാരാഷ്ട്രയിൽ നടക്കുന്ന ഓൾ ഇന്ത്യ ലെവൽ ഇന്റർ ഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിംഗ് കോമ്പറ്റീഷനിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കും. ഇവർക്ക് തിരുവനന്തപുരം പാങ്ങോട് നടത്തുന്ന രണ്ട് ക്യാമ്പുകളിലായി പരിശീലനം നൽകും.