വനിതാ ഐടിഐക്ക് ഫാത്തിമാപുരത്ത് സ്ഥലം ലഭ്യമാക്കണം
1575169
Saturday, July 12, 2025 7:29 AM IST
ചങ്ങനാശേരി: പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വനിതാ ഐടിഐക്ക് ഫാത്തിമാപുരത്ത് പഴയ സ്ലോട്ടര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് സ്ഥലം ലഭ്യമാക്കാന്‍ നഗരസഭ തയാറാകണമെന്ന് മുന്‍ നഗരസഭ കൗണ്‍സിലറും ഫ്രണ്ട്സ് ഓഫ് ഫാത്തിമാപുരം രക്ഷാധികാരിയുമായ കുര്യന് തൂമ്പുങ്കല്‍ ആവശ്യപ്പെട്ടു.
സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന ഈ പ്രദേശത്തിന്റെ പുരോഗതിക്ക് ഇതു സഹായകരമാകുമെന്നും യുവതികള്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാകുന്നതിലൂടെ അവരുടെ വികസനവും സ്വയംപര്യാപ്തതയും ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ഐടിഐ സ്ഥാപിക്കണമെന്നുള്ള ആവശ്യവുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്കും നഗരസഭാ അധികൃതര്‍ക്കും നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളില്‍ കഴിഞ്ഞ 12 വര്‍ഷമായി വനിത ഐടിഐ പ്രവര്‍ത്തിക്കുന്നത് സ്കൂളിനും ഐടിഐയ്ക്കും ദുരിതമാകുന്നതായി ദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.