ലൈഫ്ലൈന് പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്
1575153
Saturday, July 12, 2025 7:08 AM IST
കോട്ടയം: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്സ് കേരള അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ലൈഫ്ലൈന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഇന്നു രാവിലെ 10ന് ഏറ്റുമാനൂര്‍ വ്യാപാരഭവന് ഹാളില്‍ നടക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
അസോസിയേഷനിലെ ഒരംഗം മരണപ്പെട്ടാല്‍ പത്തുദിവസത്തിനുള്ളില്‍ പത്തു ലക്ഷം രൂപ കുടുംബത്തിന് നല്‍കുന്നതാണു പദ്ധതി. ഇപ്പോള്‍ നല്കുന്ന ചികിത്സാ സഹായം, താത്കാലിക അവശതയ്ക്ക് ആഴ്ചതോറും നല്കുന്ന സഹായം, മരണപ്പെട്ട അംഗത്തിന്റെ കുട്ടിക്ക് വര്‍ഷംതോറും നല്കുന്ന പഠനസഹായം, മരണാനന്തര കുടുംബസഹായ ഫണ്ട്, 2014 മുതല്‍ നല്കുന്ന പെന്ഷന് എന്നിവയ്ക്കു പുറമേയാണു ലൈഫ് ലൈന്‍ പദ്ധതി.
ഈ മാസം 31 വരെ ഏത് അവസ്ഥയിലും ഏതു പ്രായത്തിലുമുള്ള സംഘടനയിൽ അംഗത്വമുള്ള എല്ലാവര്ക്കും ഈ പദ്ധതിയില്‍ ചേരാം. 2026 മുതല്‍ അംഗത്വമെടുക്കുന്നവര്‍ക്ക് 55 വയസ് വരെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരംഗം 2000 രൂപ ഒറ്റത്തവണയും ഓരോ മരണത്തിനും 25 രൂപ വീതവും അടയ്ക്കണം. യൂണിറ്റ് പ്രസിഡന്റ് പി.വി. സന്തോഷ് അധ്യക്ഷത വഹിക്കും.
സംസ്ഥാനപ്രസിഡന്റ് കെ.ജി. ഗോപകുമാര്‍, വൈസ്പ്രസിഡന്റ് വി.എസ്. മീരാണ്ണന്‍, ജോയിന്റ് സെക്രട്ടറി പി.എല്‍. ജോസ്മോന്, ജില്ലാ പ്രസിഡന്റ് എ.ആര്. രാജന്, സെക്രട്ടറി കെ.പി.എന്‍. സുരേഷ് ബാബു, ട്രഷറര്‍ പി.ജി. ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.