ലേബർ കോഡുകൾ തൊഴിലാളിവിരുദ്ധമെന്ന്
1574964
Saturday, July 12, 2025 12:11 AM IST
പൊൻകുന്നം: കേന്ദ്രനയത്തിന്റെ ഭാഗമായുള്ള ലേബർ കോഡുകൾ ജനദ്രോഹപരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കർഷക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്ററുകൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കർഷക സംഘടനകൾ കൃഷിക്കാർക്കൊപ്പംനിന്ന് സമരം ചെയ്തതിന്റെ ഗുണം കർഷകർക്ക് ലഭിച്ചുവെന്നും വി.ബി. ബിനു കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ കമ്മിറ്റിയംഗം രാജൻ ചെറുകാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.പി.എ. സലാം, കിസാൻ സഭ ദേശീയ സെക്രട്ടറി ഇ.എൻ. ദാസപ്പൻ, ജില്ലാ പ്രസിഡന്റ് വി.ടി. തോമസ്, എം.എ. ഷാജി, മണ്ഡലം സെക്രട്ടറി സി.ജി. ജ്യോതിരാജ്, വി.ജെ. കുര്യാക്കോസ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശരത് മണിമല, ബാബു ലൂക്കോസ്, പി.എസ്. സിനീഷ്, തങ്കമ്മ അലക്സ്, ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.
സംഘാടകസമിതി പ്രസിഡന്റായി രാജൻ ചെറുകാപ്പള്ളി, സെക്രട്ടറിയായി സി.ജി. ജ്യോതിരാജ് എന്നിവരെ തെരഞ്ഞെടുത്തു.