കാവാലി വ്യൂ പോയിന്റിൽ മാലിന്യം തള്ളി
1574963
Saturday, July 12, 2025 12:11 AM IST
കൂട്ടിക്കൽ: കാവാലി വ്യൂ പോയിന്റിൽ മാലിന്യം തള്ളി. ഇന്നലെ രാവിലെ മുതലാണ് കാവാലിയിൽ റോഡ് സൈഡിൽ മാലിന്യങ്ങൾ കാണപ്പെട്ടത്.
രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി. ചാക്കിലാക്കി തള്ളിയ മാലിന്യത്തിൽനിന്നു കുട്ടികളുടെ ഡയപ്പറുകൾ ഉൾപ്പെടെയുള്ളവ പുറത്തുകിടക്കുകയായിരുന്നു. രാത്രിയിലോ പുലർച്ചയോ ആണ് ഇവിടെ മാലിന്യം തള്ളിയതെന്ന് കരുതപ്പെടുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്തു. വീണ്ടും ഇവിടെ മാലിന്യം തള്ളാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിരവധി പേരാണ് ഇതുവഴി കടന്നുപോകുമ്പോൾ വ്യൂ പോയിന്റിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനം നിർത്തി ഇറങ്ങുന്നത്. പൊതുനിരത്തുകളിൽ ഉൾപ്പെടെ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അറിയിച്ചു.