അറ്റകുറ്റപ്പണിക്കായി ബസ് സ്റ്റാൻഡ് അടച്ചു; കാഞ്ഞിരപ്പള്ളി ടൗൺ ഗതാഗതക്കുരുക്കിൽ
1574960
Saturday, July 12, 2025 12:11 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിലെ അറ്റകുറ്റപ്പണികൾക്കായി സ്റ്റാൻഡ് അടച്ചതോടെ ടൗണിൽ ഗതാഗതകുരുക്ക് രൂക്ഷമായി.
ബസുകളെല്ലാം സ്റ്റാൻഡിന്റെ മുന്പിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. മഴയും വെയിലുംകൊണ്ടു വിദ്യാർഥികളടക്കമുള്ള യാത്രക്കാർ നടുറോഡിലായ അവസ്ഥയിലാണ്. സീബ്രാലൈനിലൂടെപോലും റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ കഷ്ടപ്പെടുകയാണ്.
ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതും ഇറങ്ങുന്നതുമായ റോഡിലെ ഓടകൾക്കു മുകളിലുള്ള സ്ലാബുകൾ തകർന്നതിനെത്തുടർന്ന് ഇവ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്.
കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ മിനി സിവിൽ സ്റ്റേഷന്റെ മുന്നിലും മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകൾ ഇടിമണ്ണിക്കൽ ജൂവലറിയുടെ മുന്നിലും നിർത്തി ആളുകളെ കയറ്റണമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, ഈ ഗതാഗത ക്രമീകരണങ്ങൾ ഒന്നും നടക്കുന്നില്ല. കൂടാതെ ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ യാത്രക്കാരെ ഇറക്കിയ ശേഷം ദേശീയപാതയിൽ മിനിസിവിൽ സ്റ്റേഷന്റെ മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഇതും ടൗണിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ഇതിനിടെ ഇത്രയും ദിവസം ബസ് സ്റ്റാൻഡ് അടച്ചിട്ടിട്ടും സ്റ്റാൻഡിലേക്കുള്ള റോഡ് നന്നാക്കാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. നിലവിൽ റോഡ് കുണ്ടും കുഴിയുമായി താറുമാറായി കിടക്കുകയാണ്. മുന്പു കോൺക്രീറ്റ് ചെയ്തിരുന്ന റോഡ് തകർന്നതിനെത്തുടർന്ന് ഇതിന്റെ മുകളിൽ ടാറിംഗ് നടത്തിയിരുന്നു.
എന്നാൽ, ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റിംഗും തകർന്ന നിലയിലാണ്. കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന ഭാഗത്തെ കോൺക്രീറ്റിംഗ് തകർന്നതോടെ ബസ് ആടിയുലഞ്ഞാണ് സ്റ്റാൻഡിലേക്കു കയറുന്നത്. നിലവിൽ ബസ് സ്റ്റാൻഡ് അടച്ചിരിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി കൂടി നടത്തിയില്ലെങ്കിൽ ഇതിനായി പിന്നീട് വീണ്ടും സ്റ്റാൻഡ് അടച്ചിടേണ്ടി വരും.