ഈരാറ്റുപേട്ടയിൽ ഗതാഗത പരിഷ്കാരങ്ങൾ പരാജയം
1485322
Sunday, December 8, 2024 5:23 AM IST
ഈരാറ്റുപേട്ട: ഏറെ കൊട്ടിഘോഷിച്ച് നഗരസഭയിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ പരാജയം. പരിഷ്കാരങ്ങളുടെ ഭാഗമായി പറഞ്ഞ നടപടികളൊന്നും നടപ്പാക്കാൻ രണ്ടു മാസം കഴിഞ്ഞിട്ടും അധികൃതർക്ക് സാധിച്ചിട്ടില്ല.
പ്രധാന പരിഷ്കാരമായി പറഞ്ഞിരുന്ന കുരിക്കൾ നഗർ ബസ് സ്റ്റോപ്പിലെ പരിഷ്കാരം എങ്ങുമെത്തിയില്ല. നോ പാർക്കിംഗ് ബോർഡുകൾ ആരും പാലിക്കുന്നില്ല. വഴിയോര കച്ചവടങ്ങൾക്കും വഴിയിലേക്ക് ഇറക്കിവച്ചുള്ള കച്ചവടങ്ങൾക്കും മാറ്റം ഉണ്ടായില്ല.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലാണ് ഏറ്റവുമധികം റോഡിലേക്ക് ഇറക്കിവച്ചുള്ള വ്യാപാരം നടക്കുന്നത്. ആളുകൾ സാധനം വാങ്ങാൻ എത്തുമ്പോൾ റോഡിൽ നിന്നു സാധനം വാങ്ങേണ്ട സാഹചര്യമാണ്. നഗരസഭയ്ക്കു നടപടിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ പൊതുമരാമത്തു വകുപ്പെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ആരുണ്ടിവിടെ ചോദിക്കാൻ?
കുരിക്കൾ നഗർ ബസ് സ്റ്റോപ്പിൽ പാലാ ഭാഗത്തുനിന്നുള്ള ബസുകൾ മാത്രം നിർത്താനാണ് അനുമതി നൽകിയിരുന്നത്. ഇതിനെതിരേ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയെങ്കിലും കർശനമായി നടപ്പാക്കും എന്നായിരുന്നു നഗരസഭയുടെ നിലപാട്. ഗതാഗത ലംഘനം കണ്ടുപിടിക്കുന്നതിന് കാമറകളും സ്ഥാപിച്ചിരുന്നു. ഇവിടെ യൂടേൺ എടുക്കാൻ പാടില്ലെന്ന് നിബന്ധന ഉണ്ടായിരുന്നു.
എന്നാൽ മാർക്കറ്റ് റോഡിലേക്കും കോസ്വേ റോഡിലേക്കും പോകേണ്ട വാഹനങ്ങൾ ഇപ്പോഴും ഇവിടെ നിയമം ലംഘിച്ചു കറങ്ങുകയാണ്. നിർദിഷ്ട സ്റ്റോപ്പുകളിൽ മാത്രം നിർത്തണമെന്ന ബസുകൾക്കുള്ള നിർദേശവും നടപ്പാക്കാനായില്ല. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നപ്പോൾ ബസുകൾ നിയമം പാലിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യം ഇല്ലാതായതോടെ എല്ലാം പഴയതുപോലെ തന്നെയായി.
ആകെയുള്ള പരിഷ്കാരം
ഏറ്റവുമധികം ഗതാഗതതടസം സൃഷ്ടിച്ചിരുന്ന കോളജ് റോഡിൽ യാതൊരു പരിഷ്കാരവും നടപ്പാക്കിയില്ല. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന ബസുകൾക്കു സിറ്റി ടവറിനു മുൻപിൽ പുതിയ സ്റ്റോപ്പ് ഉണ്ടായത് മാത്രമാണ് ആകെയുണ്ടായ വ്യത്യാസം. ഈ സ്റ്റോപ്പിൽ ഗതാഗതം തടസപ്പെടുന്ന അവസ്ഥയുമുണ്ട്.
നഗരത്തിലെ ഓടകളുടെ അവസ്ഥയും ഭിന്നമല്ല. ഇളകിക്കിടക്കുന്ന സ്ലാബുകൾ അപകട ഭീഷണിയായിരിക്കുകയാണ്. സെൻട്രൽ ജംഗ്ഷനിൽ ജനതാ ടെക്സ്റ്റൈൽസിനു മുൻപിൽ ഇളക്കിക്കിടക്കുന്ന സ്ലാബ് എപ്പോൾ വേണമെങ്കിലും അപകടത്തിനിടയാക്കാം. അപകടമുണ്ടാകാതിരിക്കാൻ ഇതിനു മുകളിൽ വച്ചിരുന്ന ബോർഡ് കഴിഞ്ഞ ദിവസം നഗരസഭ എടുത്തു മാറ്റുകയും ചെയ്തു.