എംജി അത്ലറ്റിക് മീറ്റ് : പാലാ അല്‍ഫോന്‍സയുടെ കുതിപ്പ്
1484133
Tuesday, December 3, 2024 7:30 AM IST
പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ പാലാ അല്‍ഫോന്‍സ കോളജ് 91 പോയിന്റുമായി മുന്നേറുന്നു. 42 പോയിന്റുമായി കോതമംഗലം എംഎ കോളജും ചങ്ങനാശേരി അസംപ്ഷന്‍ കോളജും രണ്ടാം സ്ഥാനത്തുണ്ട്.
പുരുഷ വിഭാഗത്തില്‍ 89.5 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളജാണ് മുന്നില്‍. 73 പോയിന്റുമായി കോതമംഗലം എംഎ കോളജ് രണ്ടാം സ്ഥാനത്തും 53.5 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.
20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിലെ സാന്ദ്ര സുരേന്ദ്രന് പുതിയ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. ഒരു മണിക്കൂര്‍ 46 മിനിറ്റ് 34 സെക്കൻഡാണ് സമയം.
മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ സിന്‍ഡിക്കറ്റംഗം ഡോ. ബിജു തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് ഷാജി വി. തുരുത്തന് അധ്യക്ഷത വഹിച്ചു. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, പ്രഫ. പി.ഐ ബാബു, അല്‍ഫോന്‍സ കോളജ് ബര്‍സാര്‍ റവ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
റിക്കാർഡിട്ട് സാന്ദ്ര സുരേന്ദ്രന്
പാലാ: 20 കിലോമീറ്റര്‍ നടത്തത്തില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി പാലാ അല്‍ഫോന്‍സാ കോളജിലെ സാന്ദ്ര സുരേന്ദ്രന്. ഒരു മണിക്കൂര്‍46.34 സെക്കൻഡില്‍ ഫിനീഷ് ചെയ്താണ് സാന്ദ്ര റിക്കാര്‍ഡിട്ടത്. സ്കൂള്‍ കാലം മുതല്‍ മത്സര രംഗത്ത് സജിവമാണ് സാന്ദ്ര.
സഹോദരിമാരും ഫെന്‍സിംഗ്, ഹര്‍ഡില്‍സ് ഇനങ്ങളില്‍ കായിക രംഗത്ത് സജീവമാണ്. പാലക്കാട് നെന്മാറ സ്വദേശിയായ സാന്ദ്ര ബിവോക് ഫാഷന്‍ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സ്കൂള്‍ മീറ്റുകളിലും ജൂണിയര്‍ സംസ്ഥാന മീറ്റുകളിലും ദേശീയ മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്. പിതാവ് സുരേന്ദ്രനും അമ്മ സരസ്വതിയും കോച്ച് തങ്കച്ചന് മാത്യുവും എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ട്.
ഹര്‍ഡിൽസില്‍ അപര്‍ണ
പാലാ: 100 മീറ്റര്‍ ഹര്‍ഡിൽസില്‍ അപര്‍ണ കെ. നായര്‍ക്ക് ഒന്നാം സ്ഥാനം. അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിയായ അപര്‍ണ കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി ഈ ഇനത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു. തൊടുപുഴ മുതലക്കോടം സ്വദേശിനിയാണ്. ഇന്നു നടക്കുന്ന 400 മീറ്ററിലും റിലേയിലും പങ്കെടുക്കുന്നുണ്ട്.
100 മീറ്ററിൽ ഗൗരീനന്ദന
പാലാ: അല്‍ഫോന്‍സ കോളജിലെ ഒന്നാം വര്‍ഷ പിജി ഇക്കണോമിക്സ് വിദ്യാര്‍ഥിയായ ഗൗരീനന്ദന ഇന്നലെ നടന്ന 100 മീറ്ററില്‍ ഒന്നാമതെത്തി.
ഇന്ന് 200 മീറ്ററിലും 4x400മീറ്ററിലും മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം എല്‍എന്‍സിപിയിലാണ് രണ്ട് വര്‍ഷമായി പരിശീലനം. സ്കൂള്‍ കാലം മുതല്‍ കായിക രംഗത്ത് സജീവമാണ് ഗൗരീനന്ദന.
2017ല്‍ ഫ്രാന്‍സില്‍ നടന്ന ലോക സ്കൂള്‍ ഒളിംപിക്സില്‍ 400 മീറ്ററില്‍ പങ്കെടുത്തിരുന്നു.
അച്ഛന് രാജേഷ് അത്ലറ്റ് ആയിരുന്നു.