എസ്. ബിജു വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
1484113
Tuesday, December 3, 2024 7:20 AM IST
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ എസ്. ബിജു ചുമതലയേറ്റു.ഇന്നലെ രാവിലെ 11ന് വരണാധികാരി കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീറിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് വൈക്കം. 13 അംഗ ഭരണസമിതിയിൽ സിപിഎം -എട്ട്, സിപിഐ -നാല്, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ആദ്യ നാലു വർഷക്കാലം സിപിഎമ്മിലെ കെ.കെ.രഞ്ജിത്തായിരുന്നു പ്രസിഡന്റ്. എൽഡിഎഫിലെ ധാരണപ്രകാരമാണ് അവസാന ഘട്ടത്തിൽ ഒരു വർഷം സിപിഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.എൽഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനപ്രകാരം സിപിഎം പ്രതിനിധി കെ.എസ്. ഗോപിനാഥൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്. ബിജുവിന്റെ പേര് നിർദേശിച്ചു. സിപിഐ അംഗം എം.കെ. ശീമോൻ പിന്താങ്ങി. വരണാധികാരി കെ.വി. സുധീർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സി.കെ.ആശ എംഎൽഎ, ആർ. സുശീലൻ, പി. ശശിധരൻ, ജോൺ വി. ജോസഫ്, കെ. അജിത് എക്സ് എംഎൽഎ ,സാബു പി. മണലൊടി, പി. പ്രദീപ്, പി. സുഗതൻ പി.എസ്. പുഷ്പമണി, മുൻ പ്രസിഡന്റ് കെ.കെ. രഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.