കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ടെന്‍ഡറായി; 7.05 കോടിയുടെ പദ്ധതി
1483891
Monday, December 2, 2024 7:35 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പൊതുമരാമത്ത് കെട്ടിട നിര്‍മാണ വകുപ്പ് ചീഫ് എന്‍ജിനിയറുടെ സാങ്കേതികാനുമതി ലഭ്യമാക്കിയതോടെയാണ് ബസ് ടെര്‍മിനലിന്റെ ടെന്‍ഡര്‍ വിജ്ഞാപനമായെതന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
6.99 കോടി രൂപയ്ക്കാണ് സാങ്കേതികാനുമതി ലഭ്യമായത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു നേരത്തെ 7.05 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ മികച്ച സംവിധാനങ്ങള്‍
വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള ഡ്രെയിനേജ് സിസ്റ്റം, ഭൂഗര്‍ഭ ജലസംഭരണി, ലാന്‍ഡ്സ്കേപിംഗ്, വിശാലമായ കാത്തിരിപ്പ് സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സാങ്കേതികാനുമതി ലഭ്യമാക്കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍, സ്റ്റേഷന്മാസ്റ്ററുടെ റൂം, സെക്യൂരിറ്റി റൂം, ലോജിസ്റ്റിക്സ് റൂം, ക്ലോക്ക് റൂം, ഹെല്‍ത്ത് റൂം, ഫീഡിഗ് റൂം, മുകളിലത്തെ നിലയില്‍ ചെറുതും വലുതുമായ കടമുറികള്‍, റെസ്റ്ററന്റിനുള്ള സൗകര്യം, മുകളില്‍ വലിയ വാട്ടര്‍ ടാങ്ക് തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
നിര്‍മാണകാലാവധി ഒരു വര്‍ഷം
മെയിന്‍ റോഡിൽ ഗതാഗതതടസം ഉണ്ടാകാതിരിക്കുവാന്‍ തിരുവല്ലയില്‍നിന്നു കോട്ടയത്തേക്ക് പോകുന്ന ബസുകള്‍ ടെര്‍മിനലിനുള്ളില്‍ കയറാതെ മുന്‍ഭാഗത്ത് റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും കോട്ടയത്തുനിന്നു തിരുവല്ലയ്ക്കു വരുന്ന ബസുകള്‍ ടെര്‍മിനലിനുള്ളില്‍ കയറി ടിബി റോഡില്‍ ഇറങ്ങുകയും ചെയ്യും. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി.