നവീകരിച്ച തന്തൈ പെരിയോർ സ്മാരക ഉദ്ഘാടനം: തമിഴ്നാട് മന്ത്രി സൗകര്യങ്ങൾ വിലയിരുത്തി
1483817
Monday, December 2, 2024 6:12 AM IST
വൈക്കം: വൈക്കം വലിയകവലയിലെ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം 12നു നടക്കും. ഉദ്ഘാടന സമ്മേളനത്തിനു വേദിയൊരുക്കുന്ന കായലോര ബീച്ചിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തമിഴ്നാട് മന്ത്രിക്കൊപ്പം വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ ബിന്ദുഷാജി, പി.ഡി.ബിജിമോൾ തുടങ്ങിയവരുമുണ്ടായിരുന്നു.
ഒൻപതിന് മന്ത്രി വീണ്ടും വൈക്കത്ത് എത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നവീകരിച്ച പെരിയോർ സ്മാരക മന്ദിരം 12ന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.
പെരിയോറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചത്രങ്ങളും, പെരിയാറുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്.