പുളിക്കല്‍ കവലയിൽ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം
1483796
Monday, December 2, 2024 5:54 AM IST
വാഴൂര്‍: പുളിക്കല്‍ കവലയില്‍ മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിർവഹിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കെ. നാരായണക്കുറുപ്പ് സ്മാരക വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഭരണാനുമതി ലഭിച്ചിരുന്നതാണ് ഇപ്പോള്‍ യാഥാർഥ്യമായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്പോര്‍ട്സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്പോര്‍ട്സ് ഹബ് ആയി മാറുമെന്ന് ചീഫ് വിപ്പ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് പദ്ധതികളുടെ നിർവഹണ ഏജന്‍സിയായ സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. സംസ്ഥാന ദേശീയ മത്സരങ്ങള്‍ 70 വര്‍ഷമായി വാഴൂര്‍ വോളി എന്ന പേരില്‍ നടന്നുവന്നിരുന്ന പുളിക്കല്‍ കവലയില്‍ വോളിബോള്‍ അനുബന്ധ കളിസ്ഥലം വേണമെന്നത് ദീര്‍ഘകാലമായ ആവശ്യമായിരുന്നു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മൈതാനത്തിലാണ് നിര്‍മാണം നടത്തുക.
ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനുള്ള സൗകര്യം, ഗാലറികള്‍, ഓഫീസ് റൂമുകള്‍, ടോയ്ലറ്റ് സൗകര്യം, ഓപ്പണ്‍ വാക്ക് വേ എന്നിവകൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. ഭാവിയില്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് വോളിബോള്‍ അക്കാദമിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. എന്‍. ജയരാജ് പറഞ്ഞു.
വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ്. പിള്ള, പഞ്ചായത്തംഗങ്ങളായ സുബിന് മാത്യു, ഓമന അരവിന്ദാക്ഷന്, ശ്രീകാന്ത് പി. തങ്കച്ചന്, ജിജി ജോസഫ്, നിഷ രാജേഷ്, സേതു ലക്ഷ്മി, സൗദ ഇസ്മയില്‍, തോമസ് വെട്ടുവേലി, എസ്. അജിത്ത്കുമാര്‍, ജിബി വര്‍ഗീസ്, ശോശാമ്മ, സിന്ധു ചന്ദ്രന് തുടങ്ങിയവർ പ്രസംഗിച്ചു.