പരിമിതികൾക്കിടയിലും കലോത്സവം വൻവിജയം; ചാരിതാർഥ്യത്തിൽ സംഘാടക സമിതി
1483802
Monday, December 2, 2024 5:54 AM IST
തലയോലപ്പറമ്പ്: പരിമിതമായ സൗകര്യങ്ങൾക്കിടയിലും റവന്യു ജില്ലാ സ്കൂൾ കലോത്സവം തലയോലപ്പറമ്പിൽ വിജയകരമായി സംഘടിപ്പിച്ച് പര്യവസാനിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സംഘാടക സമിതി.
27നാണ് റവന്യു ജില്ലാ സ്കൂൾ കലോത്സവം തുടങ്ങിയത്. 23ന് രാത്രിയിലാണ് സബ് ജില്ലയിൽനിന്നുള്ള മത്സരാർഥികളുടെ വിവരങ്ങൾ കിട്ടുന്നത്. അതിനുശേഷം പ്രോഗ്രാം തയാറാക്കി, വിധികർത്താക്കളെ തീരുമാനിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറെ കഷ്ടപ്പെട്ടാണ് ചെയ്തുതീർത്തത്. ഇക്കുറി അഞ്ച് മത്സരയിനങ്ങൾ പുതിയത് വന്നൂ. സൗകര്യപ്രദമായ വേദികളുടെ കുറവുമൂലം മത്സരങ്ങളുടെ സമയക്രമം പാലിക്കുന്നതിന് ഏറെ പാടുപ്പെട്ടു.
എ.ജെ. ജോൺ സ്കൂളിലും സെന്റ് ജോർജ് പാരീഷ് ഹാളിലും വൈക്കം മുഹമ്മദ് ബഷീർ സ്കൂൾ ഹാളിലും മാത്രമായിരുന്നു ഭേദപ്പെട്ട വേദികൾ ഉണ്ടായിരുന്നത്. ഈ മൂന്നു വേദികളിലാണ് നൃത്തയിനങ്ങളും സംഘനൃത്തമടക്കമുള്ള ഗ്രൂപ്പ് ഇന മത്സരങ്ങളും സംഘടിപ്പിച്ചത്. രാപകൽ ഭേദമില്ലാതെയാണ് പ്രോഗ്രാം കമ്മറ്റി പ്രവർത്തിച്ചത്.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെപിഎസ്ടിഎ) നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രോഗ്രാം കൺവീനർ മനോജ് വി. പോൾ, വൈസ് ചെയർമാൻ വർഗീസ് ആന്റണി,
ജോയിന്റ് കൺവീനർമാരായ ആർ. രാജേഷ്, ടോമി ജേക്കബ്, പി. പ്രദീപ്, വി. പ്രദീപ്കുമാർ, എൻ.ടി. ജോസഫ്, പി.ആർ. ശ്രീകുമാർ, കെ.പി. അനിൽകുമാർ, കെ.ജെ. സെബാസ്റ്റ്യൻ, ആർ. രാജീവ് തുടങ്ങിയവർ ഉൾപ്പെട്ട പ്രോഗ്രാം കമ്മിറ്റിയാണ് കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു പിന്നിൽ യത്നിച്ചത്.