റോഡിലേക്ക് കാട് വളര്‍ന്നു; യാത്രക്കാര്‍ വലയുന്നു
1483813
Monday, December 2, 2024 6:04 AM IST
രാമപുരം: രാമപുരത്തും പരിസര പ്രദേശങ്ങളിലും റോഡിലേക്ക് കാട് വളര്‍ന്ന് നില്ക്കുന്നതിനാല് യാത്രക്കാര്‍ വലയുന്നു. രാമപുരം - നീറന്താനം റോഡ്, അമ്പലം ജംഗ്ഷന് - വളക്കാട്ടുകുന്ന് റോഡ്, രാമപുരം - പിഴക് റോഡ്, രാമപുരം കൂത്താട്ടുകുളം റോഡില്‍ അമനകര, ആനിച്ചുവട് ഭാഗം എന്നിവിടങ്ങളിലാണ് കാട് വളര്‍ന്ന് നില്‍ക്കുന്നത്.
പല സ്ഥലങ്ങളിലും വളവില്‍ റോഡിന്റെ അപ്പുറം കാണുവാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പലപ്പോഴും റോഡ് നിറഞ്ഞ് വാഹനങ്ങള്‍ വരുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും റോഡിന് സൈഡിലെ കാട്ടിലേക്കു കയറേണ്ട അവസ്ഥയാണുള്ളത്. ഇഴജന്തുക്കളെയും വലിച്ചെറിയപ്പെടുന്ന മദ്യക്കുപ്പികളെയും ഭയന്നാണ് ആളുകള്‍ റോഡിലൂടെ സഞ്ചരിക്കുന്നത്.
രാമപുരം എസ്എച്ച് എല്‍പി സ്കൂളിന് മുന്‍വശത്ത് കാട് വളര്‍ന്ന് നില്ക്കുന്നതിനാല് പലപ്പോഴും സൂചനാ ബോര്‍ഡ് പോലും കാണുവാന്‍ സാധിക്കുന്നില്ല. നൂറുകണക്കിന് വിദ്യാർഥികള്‍ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്.
ഇരുചക്രവാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം മേതിരിക്ക് സമീപം ഒരു ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. മണ്ഡലകാലത്ത് ഈ റോഡുകളിലൂടെ മുന്‍പ് ഉണ്ടായിരുന്നതിലും നാലിരട്ടി ആളുകളാണ് സഞ്ചരിക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷവും മണ്ഡലകാലം ആരംഭിക്കുമ്പോള്‍ റോഡ് സൈഡിലുള്ള കാടുകള്‍ വെട്ടി യാത്ര സുഗമമാക്കാറുണ്ട്. ഈ വര്‍ഷം ഇത് നടത്തിയിട്ടില്ല. പലയിടങ്ങളിലും റോഡും പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന നിലയിലുമാണ്.
എത്രയും വേഗം റോഡിലേക്കു വളര്‍ന്നു നില്ക്കുന്ന കാടുകള്‍ വെട്ടണമെന്നും തകര്‍ന്നു കിടക്കുന്ന റോഡുകള്‍ റീടാറിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് രാമപുരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ. ശാന്താറാം പിഡബ്ലുഡി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.