ശുചിമുറി മാലിന്യംതള്ളൽ: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
1483807
Monday, December 2, 2024 6:04 AM IST
പാലാ: ശുചിമുറി മാലിന്യങ്ങള്‍ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്കരിക്കാനുമായി സര്‍ക്കാര്‍ തലത്തില്‍ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം.
നിലവില്‍ സ്വകാര്യ വ്യക്തികള്‍ ടാങ്കര്‍ ലോറികളിലെത്തി അവര്‍ക്ക് തോന്നുന്ന നിലയിലുള്ള തുക ഈടാക്കി മാലിന്യങ്ങള്‍ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയാണ് ചെയ്തുവരുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനും ആറുകളും തോടുകളും കുടിവെള്ള സ്രോതസുകളും ഉള്‍പ്പെടെ മലിനമാവുന്നതിനും കാരണമാവുന്നു.
കൊച്ചിടപ്പാടി ഉള്‍പ്പെടെ പാലാ നഗരസഭാ പ്രദേശത്തെ നിരവധി സ്ഥലങ്ങളിലും സമീപ പഞ്ചായത്തുകളിലും രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഇത് മിക്കപ്പോഴും ചെന്നു പതിക്കുന്നത് കുടിവെള്ള സ്രോതസുകളുടെ സമീപമാണ്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ എവിടെയെങ്കിലും തള്ളിയിട്ടു പോവുകയാണ് ചെയ്യുന്നത്. മിക്കവാറും റോഡിനു സമീപം ചെറുതോടുകളിലേക്കാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
ഇത്തരത്തില്‍പ്പെട്ടവരെ പിടികൂടിയാലും ചെറിയ പിഴ മാത്രമാണ് പലപ്പോഴും അധികാരികള്‍ നല്‍കുന്നത്. ഗുണ്ടാ-മാഫിയാ സംഘങ്ങളില്‍പ്പെട്ട ഇത്തരക്കാരുമായി നാട്ടുകാര്‍ പലപ്പോഴും വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാക്കേണ്ട സാഹചര്യവും വന്നിട്ടുണ്ട്.
സര്‍ക്കാര്‍തലത്തില്‍ ശുചിത്വമിഷന് മുന്‍കൈയെടുത്ത് ശുചിമുറി മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ഇത്തരം മാലിന്യ ശേഖരണത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് നല്കാന് ജനങ്ങള്‍ തയാറാകുമെന്നും ഇതിനായി സര്‍ക്കാര്‍ നേരിട്ടോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേനയോ വാഹനം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു.
നിലവില്‍ ശുചിമുറി മാലിന്യം എവിടെ കൊടുക്കണമെന്നറിയാതെ പൊതുജനം വിഷമിക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് മാലിന്യം ശേഖരിക്കാന്‍ വലിയ മാഫിയാ സംവിധാനമാണ് സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.
ശുചിമുറി മാലിന്യ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ സിജി ടോണി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി. ഇതു സംബന്ധിച്ച് നഗരസഭാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുമെന്നും വിഷയം നിയമസഭയില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പന് എംഎല്‍എയ്ക്കു നിവേദനം നല്‍കുമെന്നും സിജി ടോണി പറഞ്ഞു.