പെരുമഴയിൽ പേട്ടതുള്ളൽ: ശബരിമല പാതയിൽ വെള്ളക്കെട്ടും അപകടവും
1483790
Monday, December 2, 2024 5:41 AM IST
എരുമേലി: ഇന്നലെ രാവിലെ തുടങ്ങിയ മഴ ശക്തി കൂടിയും കുറഞ്ഞും നിലയ്ക്കാതെ പെയ്തതോടെ ശബരിമല പാതയിൽ മിക്കയിടത്തും വെള്ളക്കെട്ട്. കനത്ത മഴയിലും എരുമേലി ടൗണിൽ പേട്ടതുള്ളൽ നിലച്ചില്ല. എരുത്വാപ്പുഴയ്ക്ക് സമീപം ശബരിമല പാതയിൽ തീർഥാടക വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടായി. ആർക്കും കാര്യമായ പരിക്കില്ല. കാറും മിനി ബസും തമ്മിലാണ് ഇടിച്ചത്.
കാനനപാതയിൽ മഴ മൂലം അപകട സാധ്യത മുൻനിർത്തി തീർഥാടക യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശന ഭാഗമായ കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നിവിടങ്ങളിൽ ഇന്നലെ മഴ മൂലം പാത നേരത്തെ അടച്ചു. ഇടത്താവളമായ കാളകെട്ടിയിൽ തീർഥാടകർ വിശ്രമിക്കാനാണ് നിർദേശം.
തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരുടെ തിരക്ക് കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് മൂലമാണ് തീർഥാടക വരവിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഓടകൾ നികന്നതുമൂലം ശബരിമല പാതയിൽ റോഡിൽ വെള്ളം നിറഞ്ഞ നിലയിലാണ്. മുക്കൂട്ടുതറ ടൗണിൽ പാലം ജംഗ്ഷനിലും അസീസി ആശുപത്രി പടിക്കലും വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ്.
പ്ലാസ്റ്റിക് കോട്ട് ധരിച്ചാണ് അയ്യപ്പ ഭക്തർ കാനന പാതയിൽ യാത്ര ചെയ്യുന്നത്. പാതയിൽ മഴ മൂലം ചെളിയും വഴുക്കലുമാണ്. ചെരുപ്പ് ഉപയോഗിക്കാതെ സഞ്ചരിക്കുന്ന ഭക്തർ തെന്നി വീഴാൻ സാധ്യതയുണ്ടെന്ന് വനപാലകർ പറഞ്ഞു. മഴ മൂലം പാതയിൽ ഇഴജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. എരുമേലി ടൗണിൽ മഴ വകവയ്ക്കാതെ നിരവധി ഭക്തരാണ് പേട്ടതുള്ളൽ നടത്തി ശബരിമല ദർശനത്തിന് പോയത്.