ജില്ലാ ആശുപത്രിയിലെ മണ്ണ് കോടിമത-മുപ്പായിക്കാട് റോഡിന്
1483800
Monday, December 2, 2024 5:54 AM IST
കോട്ടയം: ജില്ലാ ആശുപത്രിയുടെ ബഹുനില കെട്ടിടം പണിയുന്നതിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് കോടിമത-മുപ്പായിക്കാട് റോഡ് ഉയര്‍ത്തുന്നതിന് ഉപയോഗിക്കാന്‍ അനുമതി നല്കി ഉത്തരവു പുറപ്പെടുവിക്കുമെന്നു ജില്ലാ വികസനസമിതി യോഗം. ഇവിടെ സംരക്ഷണ ഭിത്തികെട്ടുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അറിയിച്ചു.
ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍നിന്നു നീക്കം ചെയ്യപ്പെടുന്ന മണ്ണ് കോടിമത-മൂപ്പായിക്കാട് റോഡ് ഉയര്‍ത്തുന്നതിന് ഉപയോഗിക്കാന്‍ മന്ത്രിതലത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായത്.
കഞ്ഞിക്കുഴി മുതല്‍ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങള്‍ക്കു റോഡ് പണികളുടെ ഭാഗമായി കുടിവെള്ള വിതരണം മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു വികസന സമിതി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കഞ്ഞിക്കുഴി മുതല്‍ കളക്ടറേറ്റ് വരെ കുടിവെള്ള പൈപ്പിടാന്‍ കുഴിച്ച റോഡ് മൂടിയെങ്കിലും പല ഭാഗത്തും കുഴിഞ്ഞു യാത്ര ദുഷ്കരമായിരിക്കുകയാണ്. റോഡിന്റെ ഉപരിതല ടാറിംഗ് ജോലികള്‍ ഒരു മാസത്തിനകം നടത്തുമെന്ന് ദേശീയപാതാ വിഭാഗം പ്രതിനിധി അറിയിച്ചു.
പത്തിലധികം ജീവനക്കാരുള്ള എല്ലാ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും തൊഴിലിടത്തിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആഭ്യന്തര പരാതി പരിഹാരസെല്ലുകള്‍ 2025 മാര്‍ച്ച് എട്ടിനു മുന്‍പായി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ യോഗത്തില്‍ അറിയിച്ചു.