കടനാട്ടില്‍ വാര്‍ഡ് പുനര്‍നിര്‍ണയത്തിനെതിരേ പരാതികള്‍ ഏറെ
1483809
Monday, December 2, 2024 6:04 AM IST
കടനാട്: കടനാട് പഞ്ചായത്തില്‍ അശാസ്ത്രീയമായ വാര്‍ഡ് വിഭജനമെന്ന് വ്യാപക പരാതി. കടനാട് പഞ്ചായത്തില്‍ 14 വാര്‍ഡുകളാണ് നിലവിലുണ്ടായിരുന്നത്. ഒരു വാര്‍ഡ് വര്‍ധിച്ച് ഇപ്പോള്‍ 15 ആയി. പുതിയതായി വാളികുളം വാര്‍ഡ് രൂപീകൃതമായപ്പോഴാണ് പുനര്‍നിര്‍ണയം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കടനാട് സെന്‍ട്രല്‍ വാര്‍ഡ് പുനര്‍നിര്‍ണയിച്ചപ്പോള്‍ തീര്‍ഥാടന കേന്ദ്രമായ കടനാട് പള്ളിയും പള്ളിക്കൂടവും രണ്ടു വാര്‍ഡുകളിലായി. പള്ളിയോട് തൊട്ടു ചേര്‍ന്നുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് വാളികുളം വാര്‍ഡിലായത്. ഇത് കടനാട് വാര്‍ഡില്‍ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ കൂട്ടായ ആവശ്യം.
കൊടുമ്പിടി വാര്‍ഡിന് നഷ്ടങ്ങളേറെയാണ്. ഉണ്ടായിരുന്ന പൊതു സ്ഥാപനങ്ങളെല്ലാം അടുത്ത വാര്‍ഡിലായി. കൊടുമ്പിടി ടൗണില്‍ സ്ഥിതി ചെയ്യുന്ന കുരിശുപള്ളി, പോസ്റ്റ് ഓഫീസ്, റേഷന്‍കട, പണി പൂര്‍ത്തിയായി ഉദ്ഘാടനം പോലും കഴിയാത്ത അങ്കണവാടി എന്നിവയെല്ലാം വാര്‍ഡിനു നഷ്ടമായി. ഇതു സംബന്ധിച്ച് കക്ഷി രാഷ്ട്രീയ ഭേദമന്യേ പരാതികള്‍ അധികൃതര്‍ക്ക് നൽകിയിട്ടുണ്ട്.
പുതിയ വാര്‍ഡു വിഭജനത്തില്‍ കൊടുമ്പിടി വാര്‍ഡിലെ അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് ജനങ്ങളൊന്നിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊടുമ്പിടി വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടുള്ള മുഴുവന്‍ ജനപ്രതിനിധികളും ഒന്നിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആക്ഷേപം നല്കി. 70 ല്‍ അധികം കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന കരിവയല്‍ ഗ്രാമം പകുത്ത് എലിവാലി വാര്‍ഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കുടുംബശ്രീ സംവിധാനവും കുടിവെള്ള പദ്ധതിയും രണ്ട് വാര്‍ഡുകളിലായി.
കൊടുമ്പിടി അങ്കണവാടി, ഗ്രാമസഭ ചേരുന്ന സ്ഥലം, റേഷന്‍കട, പോസ്റ്റ് ഓഫീസ്, കുരിശു പള്ളി എന്നിവയും എലിവാലി വാര്‍ഡില്‍ ഉള്‍പ്പെട്ടു. ഇത്തരത്തിലുള്ള മുറിച്ചുമാറ്റല്‍ ഫണ്ട് വിനിയോഗത്തേയും സുഗമമായ ഭരണത്തെയും ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു.
പൊതുജനാഭിപ്രായം തേടാതെ ഉദ്യോഗസ്ഥതലത്തില്‍ വാര്‍ഡു വിഭജനം നടത്തിയതുമൂലം പ്രദേശികമായ മറ്റ് വിഭജന സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. 51 വീടുകളാണ് എലിവാലി വാര്‍ഡിലേക്കു നീക്കം ചെയ്യപ്പെട്ടത്. അത്രയും വീടുകള്‍ മറ്റൊരു ഭാഗത്തു നിന്ന് പകരം വയ്ക്കാന്‍ കഴിയുന്ന രണ്ട് സ്കെച്ച് പ്ളാനുകളോടെയാണ് ആക്ഷേപം സമര്‍പ്പിക്കപ്പെട്ടത്.
കൊടുന്പിടി വാര്‍ഡിന്റെ മുന്‍ മെംബര്‍ന്മാരായ മജു പുത്തന്‍കണ്ടം, മണിക്കുട്ടി സന്തോഷ്, ജയ്സണ്‍ പുത്തന്‍കണ്ടം, നിലവിലെ മെംബര്‍ ജയ്സി സണ്ണി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബെന്നി ചക്കാലയ്ക്കന്, ജോസഫ് സേവ്യര്‍, അരുണ്‍ സെബാസ്റ്റ്യന്‍ , രാജു ഇല്ലിമൂട്ടില്‍, സിബി അഴകന്‍പറമ്പില്‍, ജോര്‍ജ് ഇളംതുരുത്തിയില്‍, ബിജു കൊല്ലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.