നീണ്ടൂരിൽ ഫണ്ട് പാഴായത് ഗുരുതരം: നാട്ടകം സുരേഷ്
1483819
Monday, December 2, 2024 6:12 AM IST
നീണ്ടൂർ: നീണ്ടൂർ പഞ്ചായത്ത് 2023-24 വർഷം റോഡ് വികസനത്തിനായി അനുവദിച്ച 1.10 കോടി രൂപ പാഴായത് ഗുരുതരവും ഇടതു ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. നീണ്ടൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
30 ലക്ഷം രൂപ പൊതുഫണ്ടും 18 ലക്ഷം രൂപ വികസന ഫണ്ടും സർക്കാർ വെട്ടിക്കുറച്ചു. അനധികൃതമായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിന് എല്ലാ നിയമ സഹായവും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്റ് സിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, കെ.ജി. ഹരിദാസ്, ഷൈജി ഓട്ടപ്പളളി, ബിജു കെ.എൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ജോമോൻ, കെ.ആർ. ഷാജി, കെ. ഹരിദാസ്, സൗമ്യ വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.