സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഒറ്റ പാട്ടിലൂടെ വൈറലായി അതുല്യ
1483816
Monday, December 2, 2024 6:12 AM IST
ബിജു ഇത്തിത്തറ
കടുത്തുരുത്തി: സംഗീതം പഠിച്ചിട്ടില്ല ഈ മിടുക്കി. ഒറ്റ പാട്ടിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി അതുല്യ പ്രശാന്ത്. “അങ്ങ് വാന കോണില്‍ മിന്നി നിന്നൊരമ്പിളി... അമ്പിളി കലയ്ക്കുള്ളില് ചോര കണ് മുയല്.. ഇങ്ങ് നീല തുരുത്തില് നീര്‍പ്പരപ്പില്‍ നിഴലിടും അമ്പിളികലയ്ക്കുള്ളില്.. ആമ കുഞ്ഞനോ...’’
എആര്‍എം സിനിമയില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനം ക്ലാസില്‍ പാടി ദിവസങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് അതുല്യ പ്രശാന്ത്.
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതുല്യ. സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ആറ് മില്ല്യണിലേറെ ആളുകള്‍ അതുല്യയുടെ പാട്ട് ആസ്വദിച്ചുകഴിഞ്ഞു. മേസ്തിരി പണിക്കാരനായ മധുരവേലി കട്ടപ്പുറം വീട്ടില്‍ പ്രശാന്തിന്റെയും മഞ്ജുവിന്റെയും മൂത്തമകളാണ് അതുല്യ. സഹോദരി അലേഹ്യ പ്രശാന്ത് ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സംഗീതം പഠിച്ചിട്ടില്ല. ഇഷ്ടപ്പെട്ട പാട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എഴുതിയെടുത്ത് പഠിച്ചെടുക്കും. പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നു. പഠനത്തെക്കാള്‍ പാട്ടിനോട് കമ്പമുള്ള വിദ്യാര്‍ഥിനിയാണ് അതുല്യ. കഴിഞ്ഞ 26ന് സംഗീത ക്ലാസിനിടെ അധ്യാപിക നിമിഷ മുരളി ഇഷ്ടപ്പെട്ട പാട്ട് പാടാന്‍ അതുല്യയോട് ആവശ്യപ്പെട്ടു.
കുട്ടിയുടെ ശബ്ദത്തിന്റെ പ്രത്യേകതയും പാട്ടിന്റെ ആകര്‍ഷണീയതയും ശ്രദ്ധയില്‍പ്പെട്ട അധ്യാപിക മൊബൈലിൽ പാട്ട് റെക്കോര്‍ഡ് ചെയ്തു. 27ന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലെ അവരുടെ അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു. ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത സംഗീതാധ്യാപികയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിനോടകം 1.5 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.