ചിറ്റടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
1483792
Monday, December 2, 2024 5:41 AM IST
ചിറ്റടി: ദേശീയപാത 183 ൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് നിസാര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മുണ്ടക്കയത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും എതിരേ വന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൊടും വളവിൽ കെഎസ്ആർടിസി ബസ് മണ്ണുമാന്തി യന്ത്രത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നുവന്ന പ്രൈവറ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡിന്റെ വശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.
വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കൊടുംവളവുള്ള ഇവിടെ അപകടങ്ങൾ വർധിപ്പിക്കുകയാണ്. തീർഥാടന കാലം ആരംഭിച്ചതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും കൊടും വളവുകളിൽ ട്രാഫിക് ലൈനുകൾ മാഞ്ഞതും അപകട സാധ്യത വർധിപ്പിക്കുകയാണ്.