യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഒന്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും
1483795
Monday, December 2, 2024 5:41 AM IST
മുണ്ടക്കയം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഒന്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും. 2017 ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോരുത്തോട് ചിപ്ലാവ് ഭാഗത്ത് വീടിന് മുന്നിൽ നിന്ന സജീവ് (41), രഞ്ജിത്ത് (28) എന്നിവരെ ബൈക്കിലെത്തി അസഭ്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൈയിൽ കരുതിയിരുന്ന ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് തലയിലും മുഖത്തും ഗുരുതര പരിക്കുകളേൽപിക്കുകയും ചെയ്ത കേസിലാണ് പ്രതികളായ വൈശാഖ് (36), മുത്ത് എന്ന് വിളിക്കുന്ന സുമേഷ് (27)എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി അഡീഷണൽ ജില്ലാ കോടതി രണ്ട് സ്പെഷൽ ജഡ്ജി ജെ. നാസർ ശിക്ഷ വിധിച്ചത്.
കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഷാജു ജോസ്, മുണ്ടക്കയം പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന പ്രസാദ് എബ്രഹാം വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു കദളിക്കാട്ടിൽ, അഡ്വ. വി.എസ്. അർജുൻ വലിയവീട്ടിൽ, അഡ്വ. സിദ്ധാർത്ഥ് എസ്. തറയിൽ എന്നിവർ ഹാജരായി.