ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നെല്‍കര്‍ഷക സമരസമിതി നേതാക്കളുടെ നിരാഹാരസമരം തുടരുന്നു
1483890
Monday, December 2, 2024 7:35 AM IST
ചങ്ങനാശേരി: നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ സോണിച്ചന്‍ പുളിങ്കുന്ന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍ എന്നിവര്‍ ആലപ്പുഴ കളക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം തുടരുന്നു. നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതിനെതിരേ പ്രതിഷേധം ശക്തിപ്പെടുന്നു.
വേലിയേറ്റം തടയാന്‍ തണ്ണീര്‍ മുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക, നാലു വര്‍ഷങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ എംഎസ്പി അടക്കം കിലോയ്ക്ക് 32 രൂപ 52 പൈസ വില നല്‍കുക, ഹാന്‍ഡ്ലിംഗ് ചാര്‍ജ് സമ്പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ആറുദിവസമായി നിരാഹാര സത്യഗ്രഹ സമരം തുടരുന്നത്.
സത്യഗ്രഹ സമരക്കാരുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട ആലപ്പുഴ എംപിയും കോൺഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
രാഷ്ട്രീയ മഹാസംഘിന്റെ അഖിലേന്ത്യാ നേതാവ് കെ.വി. ബിജു, അഡ്വ. ബിനോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ളവരും പ്രകടനമായെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്കെഎസ്എസ് ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ഉറപ്പു നല്‍കിയാലെ സത്യഗ്രഹ സമരം പിന്‍വലിക്കുകയുള്ളൂവെന്നു സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, നേതാക്കളായ വി.ജെ. ലാലി, പി.ആര്. സതീശന്, ജോസ് കാവനാട് എന്നിവര്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി ജിനോ ജോസഫ് തുടങ്ങിയവരും സമരവേദിയിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
സമരപ്പന്തലില്‍ ഇന്ന് ഐക്യദാര്‍ഢ്യ സംഗമം
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സമരപ്പന്തലില്‍ കര്‍ഷക സമര ഐക്യദാര്‍ഢ്യ സംഗമം നടക്കും. സംസ്ഥാന മുന്‍ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു സംഗമം ഉദഘാടനം ചെയ്യും.
അതേസമയം മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്.അനില്‍ എന്നിവര്‍ സമരസമിതി ഉന്നയിച്ച വിഷയങ്ങള്‍ നാളെ ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്.