ട്രെയിനിലെ മൊബൈൽ മോഷണം : ആസാം സ്വദേശി പിടിയിൽ
1483799
Monday, December 2, 2024 5:54 AM IST
കോട്ടയം: ട്രെയിനിന്റെ ഫുട് ബോർഡിൽ ഇരുന്നു യാത്രചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ വടിക്ക് അടിച്ച് വീഴ്ത്തിയും കൈകൊണ്ട് തട്ടിപ്പറിച്ചും കവർന്നകേസിൽ അസം സ്വദേശി കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ. അസം ഗുവാഹത്തി സ്വദേശി ജോഹർ അലി (24) യെയാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോട്ടയം- എറണാകുളം റൂട്ടിൽ ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിൽനിന്നാണ് ഇയാൾ മൊബൈൽ ഫോണുകൾ തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലു ദിവസത്തിനിടെ കോട്ടയം-എറണാകുളം റൂട്ടിൽ യാത്ര ചെയ്ത നാലു യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് പ്രതി തട്ടിയെടുത്തത്.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു മൊബൈൽ ഫോൺ മോഷണം പോയത് സംബന്ധിച്ച് യാത്രക്കാരൻ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എറണാകുളം റെയിൽവേ പോലീസ് കേസ് അന്വേഷിക്കുന്നതിനായി കോട്ടയം റെയിൽവേ പോലീസിന് കൈമാറി. 20 ഫോണുകൾ മോഷ്ടിച്ചശേഷം നാട്ടിലേക്ക് രക്ഷപ്പെടുന്നതിനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.