പഞ്ചായത്ത് മെംബര്‍ക്ക് പരിക്ക്; മരച്ചീനി കൃഷി നശിപ്പിച്ചു : കടനാട്ടില്‍ കാട്ടുപന്നിയുടെ വിളയാട്ടം
1483810
Monday, December 2, 2024 6:04 AM IST
കടനാട് : കടനാട് പഞ്ചായത്തില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പഞ്ചായത്ത് മെംബര്‍ക്ക് പരിക്കേറ്റു. ഒന്നാം വാര്‍ഡ് മറ്റത്തിപ്പാറ മെംബര്‍ കെ.അര്. മധുവിനാണ് ബൈക്കില്‍ സഞ്ചരിക്കവേ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ ആറിന് നീലൂര്‍ കിഴിമണ്ണില് പാറമടയ്ക്കു സമീപമാണ് സംഭവം. റോഡില്‍ കുറുകെ എത്തിയ രണ്ടു കാട്ടുപന്നികള്‍ മധു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു വീണ ഇദ്ദേഹത്തിന്റെ കാലിനും കൈക്കും മുറിവേറ്റു.
തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാവുംകണ്ടത്ത് ഞള്ളായില്‍ ബിജുവിന്റെ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന 350 ചുവട് കപ്പയില്‍ 200ല്‍ അധികം ചുവട് കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചത്.