കനത്ത മഴയിലും ഇടിമിന്നലിലും വീടുകള്‍ തകർന്നു
1483889
Monday, December 2, 2024 7:35 AM IST
ചങ്ങനാശേരി: കനത്തമഴയും കാറ്റും താലൂക്കില്‍ വ്യാപക നാശനഷ്ടങ്ങള്‍. മാടപ്പള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് മുതലപ്ര ഭാഗത്ത് പുതിയാത്ത് വീട്ടില്‍ ചെറിയാന് വര്‍ഗീസിന്റെ വീടിന് ഇടിമിന്നലേറ്റു. ഭിത്തിക്ക് വിള്ളലുണ്ടായി. വയറിംഗ് കത്തിനശിച്ചു. ആളപായമില്ല, മാടപ്പള്ളി 15-ാം വാര്‍ഡില്‍ അശ്വതി ഭവനില്‍ തങ്കപ്പന് നായരുടെ വീടിനു മുകളില്‍ തെങ്ങു വീണ് വീടിനു ഭാഗിക നാശം സംഭവിച്ചു.
നെടുംകുന്നം: കനത്ത മഴയിൽ നെടുംകുന്നം പഞ്ചായത്തിലെ വീടുകളിൽ വെള്ളം കയറി, ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെടുംകുന്നം- കോവേലി റോഡിൽ ആര്യാട്ടുകുഴി, നെടുമണ്ണി പാറയ്ക്കൽ ഭാഗം, നെത്തല്ലൂർ പനയ്ക്കവയൽ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
പനയക്കവയലിൽ എട്ടു വീടുകളിൽ വെള്ളം കയറി. ആര്യാട്ടുകുഴി ഭാഗത്തു മൂന്നു വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങളെ മറ്റൊരു വീട്ടിലേക്കു മാറ്റി. ആര്യാട്ടുകുഴി-കോവേലി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നെടുമണ്ണി ഇടവെട്ടാൽ ഭാഗത്തു 11 വീടുകളിൽ വെള്ളം കയറി. ഇവർ സമീപത്തെ മറ്റു വീടുകളിലേക്ക് മാറി.
കറുകച്ചാൽ - മണിമല റോഡിൽ നെടുമണ്ണി തോട് കരകവിഞ്ഞു വെള്ളം റോഡിലേക്കു വെള്ളം കയറി. ഈ പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങളും വെള്ളത്തിലായി. കറുകച്ചാൽ പഞ്ചായത്തിൽ മൂന്നാം വാർഡിൽ മാന്തുരുത്തി തോട്ടിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പല വീട്ടുകാരും മറ്റു വീടുകളിൽ അഭയം തേടി. നരിക്കുഴി, കുറുപ്പൻ കവല ഭാഗങ്ങളിലെ കൈത്തോടുകൾ കരകവിഞ്ഞതിനെത്തുടർന്ന് ഇവിടെ പല പുരയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.