ആലാന്പള്ളി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം
1483806
Monday, December 2, 2024 6:04 AM IST
പാമ്പാടി: ആലാന്പള്ളി ചെവിക്കുന്നേൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയുടെ വാതിൽ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകയറിയാണ് കവർച്ച നടത്തിയത്. പള്ളിയിലെ സിസി ടിവി കാമറ ദൃശ്യങ്ങളിൽനിന്നു പാന്റും ഷർട്ടും ധരിച്ച മധ്യവയസ്കനായ ഒരാളാണ് കവർച്ച നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ദേവാലയത്തിനുള്ളിലെ പ്രധാന ഭണ്ഡാരത്തിന്റെ താഴുതകർത്ത് പണം അപഹരിച്ചു. മൂന്നുമാസമായി ഭണ്ഡാരത്തിൽ നേർച്ചയായി ലഭിച്ച ഏകദേശം 12,000 രൂപയോളം നഷ്ടമായതായി സംശയിക്കുന്നതായി പള്ളിയധികൃതർ പറഞ്ഞു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ഇന്നലെ രാവിലെ പള്ളിയധികൃതർ എത്തിപ്പോഴാണ് കതകുകത്തിച്ച് മോഷണം നടത്തിയതു കാണുന്നത്. തീ കത്തിച്ചശേഷം വെള്ളമൊഴിച്ച് തീയണയ്ക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന ബക്കറ്റും മറ്റു വസ്തുക്കളും സമീപത്തുനിന്നു ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30നും 1.30നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. പാമ്പാടി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പോലീസ്നായ പൊത്തൻപുറം കവലവരെ ഓടിവന്നു.