പാലാ ജൂബിലിക്കും പാറേൽ പള്ളി തിരുനാളിനും കൊടിയേറി
1483786
Monday, December 2, 2024 5:41 AM IST
പാലായ്ക്കും ചങ്ങനാശേരിക്കും ഇനി തിരുനാളിന്റെ പുണ്യദിനങ്ങൾ
കോട്ടയം: പാലാ ടൗൺ കപ്പേളയിലെ ജൂബിലി തിരുനാളിനും മരിയൻ തീർഥാടന കേന്ദ്രമായ ചങ്ങനാശേരി പാറേൽ പള്ളി തിരുനാളിനും കൊടിയേറി. ഇനി പാലായ്ക്കും ചങ്ങനാശേരിക്കും ആത്മീയതയുടെ തിരുനാൾ ആഘോഷ ദിനങ്ങൾ. നാടിന്റെ നാനാഭാഗത്തുനിന്നും നൂറകണക്കിനു വിശ്വാസികൾ തിരുനാൾ ദിവസങ്ങളിൽ പാലായിലും ചങ്ങനാശേരിയിലുമെത്തും.
ആത്മീയ ഭോജനമേകുന്ന തിരുക്കർമങ്ങളും വിവിധ കലാപരിപാടികളും ആഘോഷങ്ങളും തിരുനാളിന്റെ ഭാഗമായിയുണ്ട്.
പാലാ ടൗണ്‍ കപ്പേളയിൽ
പാലാ: ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. ഏഴ്,എട്ട് തീയതികളിലാണ് പ്രധാന തിരുനാള്‍. ഇന്നലെ വൈകുന്നേരം ആറിന് അമലോത്ഭവ കപ്പേളയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.
ഇനി ഏഴുനാള്‍ പാലായ്ക്ക് ആഘോഷത്തിന്റെ പുണ്യദിനങ്ങളാണ് സമ്മാനിക്കുന്നത്. നഗര വീഥികള്‍ കൊടി തോരണങ്ങളാലും വര്‍ണ വിളക്കുകളാലും നിറയുകയാണ്. ആറ് വരെ ദിവസവും പുലര്‍ച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന.
ഏഴിന് രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പന്തലില്‍ പ്രതിഷ്ഠിക്കും. വൈദ്യുതി ദീപാലങ്കാരങ്ങൾ, നാടകമേള, ടൂവീലർ ഫാൻസീഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം സാംസ്കാരിക ഘോഷയാത്ര തുടങ്ങിയ തിരുനാളിന്റെ ഭാഗമായിട്ടുണ്ട്.
പാറേല്‍ പള്ളിയില്‍
ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധകന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് അതിരൂപത വികാരി ജനറാളും തീര്‍ഥാടന കേന്ദ്രം റെക്ടറുമായ മോണ്‍. മാത്യു ചങ്ങങ്കരി കൊടിയേറ്റി. ഏഴുവരെ തീയതികളില്‍ രാവിലെ 5.30, 7.15, 11.30, വൈകുന്നേരം അഞ്ച് സമയങ്ങളില്‍ വിശുദ്ധകുര്‍ബാന.
ഏഴിന് വൈകുന്നേരം പള്ളി അങ്കണത്തില്‍ പ്രദക്ഷിണം. എട്ടിനാണ് പ്രധാന തിരുനാള്‍ ആഘോഷം. അന്ന് രാവിലെ 5.30, 7.14, 9.30, 12.00, 2.30, 4.30 വിശുദ്ധകുര്‍ബാന. വൈകുന്നേരം ആറിന് കുരിശുംമൂട് കുരിശടിയിലേക്ക് പ്രദക്ഷിണം. 15ന് കൊടിയിറക്ക് തിരുനാളും റെയില്‍വേ സ്റ്റേഷന് ജംഗ്ഷന് മന്ദിരത്തിലേക്ക് പ്രദക്ഷിണവും നടക്കും.