ഓട്ടന്തുള്ളല് കലയ്ക്കായി ജീവിതം സമര്‍പ്പിച്ച കലാമണ്ഡലം ബാലചന്ദ്രന് അരങ്ങൊഴിഞ്ഞു
1467280
Thursday, November 7, 2024 7:18 AM IST
കടുത്തുരുത്തി: അഞ്ച് പതിറ്റാണ്ട്, ആറായിരത്തോളം വേദികള്‍. ഓട്ടന്തുള്ളല് കലയ്ക്കായി ജീവിതം സമര്‍പ്പിച്ച കലാമണ്ഡലം ബാലചന്ദ്രന് (68) അരങ്ങൊഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ആയാംകുടിയിലെ വീട്ടിലായിരുന്നു അന്ത്യം. രോഗബാധിതനായിരുന്ന അദേഹം കുറച്ചു കാലമായി ചികിത്സയിലായിരുന്നു.
ആയാംകുടിയിലെ കലാപാരമ്പര്യമുള്ള കുടുംബമായ ബാലചന്ദ്രവിലാസത്തില് ആയാംകുടി ചെല്ലപ്പന് നായരുടെയും ഭാര്‍ഗവിയമ്മയുടെയും മൂത്തമകനായാണ് ജനനം. ആയാംകുടി എല്‍പി സ്കൂളിലും ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 13-ാം വയസിലാണ് ബാലചന്ദ്രന് കലാമണ്ഡലത്തില്‍ ചേര്‍ന്നത്.
തുള്ളല്‍ കലയുടെ അവതരണ വൈശിഷ്ട്യങ്ങളെ രംഗബോധത്തോടെ അവതരിപ്പിക്കുന്നതില്‍ വിദഗ്ധനായിരുന്നു. തുള്ളല്‍ പാട്ടിന്റെ സംഗീത വഴി വെട്ടിത്തുറന്ന ആയാംകുടി തുള്ളല്‍ പരമ്പരയിലെ അവസാന കണ്ണികളിലൊരാളായിരുന്നു. ക്ഷേത്രങ്ങളിലും പൊതുവേദികളുമായിരുന്നു കൂടുതലും ഓട്ടന്തുള്ളല് അവതരിപ്പിച്ചിരുന്നത്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലടക്കം വിധികര്‍ത്താവായും പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യസമ്പത്തുമുണ്ട്.
ദൂരദര്ശൻ റേഡിയോ തുടങ്ങിയ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും തന്റെ കലാപ്രകടനം കാഴ്ച വച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം ഓട്ടന്തുള്ളല് അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്. മികച്ച തുള്ളല്‍ കലാകാരനുള്ള കേരളകലാമണ്ഡലം അവാര്‍ഡ്, അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഏര്‍പ്പെടുത്തിയ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പരേതനായ തുള്ളല്‍ കലാകാരന് കലാമണ്ഡലം ബി.സി. നാരായണന്, സംഗീതജ്ഞന് ആയാംകുടി ഉണ്ണികൃഷ്ണന്, വിജയലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം നടത്തി.