പൊതു കുടിവെള്ള ടാപ്പുകൾ ഒഴിവാക്കിയത് പുനഃപരിശോധിക്കണം: കോൺഗ്രസ്
1467212
Thursday, November 7, 2024 5:48 AM IST
കൊക്കയാർ: പഞ്ചായത്തിൽ പൊതുകുടിവെള്ള ടാപ്പുകൾ ഒഴിവാക്കി സാധാരണക്കാരന് കുടിവെള്ളം നിഷേധിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജല അഥോറിറ്റി കാലങ്ങളായി പൊതുടാപ്പിലൂടെ വെള്ളം നൽകി വന്നിരുന്നത് പഞ്ചായത്ത് കമ്മിറ്റിയുടെ നിർദേശം മൂലം നിർത്തലാക്കിയിരിക്കുന്നു. ഇതോടെ കൊക്കയാർ, ബോയ്സ്, മരുതുംമൂട്, പൂവഞ്ചി, നാരകംപുഴ, കൊടികുത്തി വാർഡുകളിൽ കുടിവെള്ളം ലഭിക്കുന്നില്ല.
21 ലക്ഷം രൂപ ജലവിതരണ അഥോറിറ്റിക്ക് കുടിശിക വന്നത് അടയ്ക്കാൻ തയാറാകാതെ സാധാരണക്കാരന്റെ കുടിവെള്ളം ഇല്ലാതാക്കിയ ഇടതുപഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരേ പഞ്ചായത്ത് ഓഫീസ് ധർണയടക്കുമുള്ള ശക്തമായ സമരപരിപാടി നടത്താൻ കൊക്കയാർ മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി അംഗങ്ങളായ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ഓലിക്കൽ സുരേഷ്, ടോണി തോമസ്, ബ്ലോക്ക് ഭാരവാഹികളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, പി.ജെ. വർഗീസ്, കെ.എച്ച്. തൗഫീക്, ആൽവിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.