വേമ്പനാട്ടുകായൽ സംരക്ഷിക്കാൻ തണ്ണീർമുക്കം ബണ്ട് തുറന്നിടണമെന്ന്
1467018
Wednesday, November 6, 2024 6:35 AM IST
വൈക്കം: റാംസർ സൈറ്റിൽ ഇടംപിടിച്ച ലോകോത്തര നീർത്തടങ്ങളിൽ ഒന്നായ വേമ്പനാട്ടു കായലും അതിന്റെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാൻ തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരുവർഷക്കാലം തുറന്നിടണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു.
പോളയും പായലും തിങ്ങിനിറഞ്ഞ് എക്കലും മണലും അടിഞ്ഞുകൂടി മലിനീകരണതോത് ഉയർന്നുനിൽക്കുന്ന കായൽ ജലത്തിൽ മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. 220 ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇന്ന് നാമമാത്രമായ ഇനം മത്സ്യങ്ങളാണ് അവശേഷിക്കുന്നത്. ബണ്ടിന്റെ ഷട്ടർ താഴ്ത്തുന്നതോടെ നീരൊഴുക്ക് നിലച്ച് വൻതോതിലുള്ള മലിനീകരണത്തിന് വിധേയമാകുന്നു. ഇത് മത്സ്യം, കക്കാ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
മലിനീകരണം രൂക്ഷമാക്കിയത് ശുചിമുറി, രാസ മാലിന്യങ്ങൾ ഹൗസ്ബോട്ടുകളുടെ ശുചിമുറി മാലിന്യങ്ങൾ, വിവിധ ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യം, ഓടകളിൽ നിന്നുള്ള മാലിന്യവും, പാടശേഖരങ്ങളിൽ നിന്നും കീടനാശിനി അടങ്ങിയ വെള്ളത്തിന്റെ വരവും കായലിനെ നാശത്തിന്റെ വക്കിൽ എത്തിച്ചു.
കക്കാ, മത്സ്യം എന്നിവയുടെ ലഭ്യത വർധിപ്പിക്കാൻ ഓരു വെള്ളത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. എക്കലും മണലും നീക്കം ചെയ്ത് കായലിന്റെ ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കി വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ നടപടി ഉണ്ടാകണം.
കൂടാതെ വേമ്പനാട്ടുകായലിൽ വൈക്കം ബീച്ചിനു പടിഞ്ഞാറുവശത്ത് കായലിൽ മണി സ്ഥാപിച്ച് പാസ് വേ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വേമ്പനാട്ടുകായലിലേക്ക് താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും മണലും തള്ളി നീരൊഴുക്ക് തടസപ്പെടുത്തിയ നടപടി അവസാനിപ്പിക്കണമെന്നും നിക്ഷേപിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.എസ്.രത്നാകരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി.ബാബു. കെ.കെ.സുനിൽകുമാർ, പി.കെ. രവീന്ദ്രൻ, എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.