അരുവിത്തുറ വോളി; ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ചങ്ങനാശേരി അസംപ്ഷനും ജേതാക്കൾ
1461323
Tuesday, October 15, 2024 9:46 PM IST
അരുവിത്തുറ : സെന്റ് ജോർജ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ഇന്റർ കോളജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും ജേതാക്കളായി.
അരുവിത്തുറ സെന്റ് ജോർജ് കോളജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് 25-22, 14 - 25 ,18-25 , 25-20, 20-18 പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് ജേതാക്കളായത്. വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് 23-25, 25-21, 26-24, 30-28 പരാജയപ്പെടുത്തിയാണ് അസംപ്ഷൻ ജേതാക്കളായത്.
പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ആന്റോ അന്റണി എംപി സമ്മാനിച്ചു. വനിതാ വിഭാഗം ജേതാക്കൾക്ക് അരുവിത്തുറ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.സിബി ജോസഫ് സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എസ്. മായാ ദേവി, കോളജ് മനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.