മുണ്ടക്കയം ടൗണിൽ സീബ്രാലൈനുകൾ മാഞ്ഞുതുടങ്ങി
1460864
Monday, October 14, 2024 3:13 AM IST
മുണ്ടക്കയം: ടൗണിൽ സീബ്രാലൈനുകളുടെ അഭാവവും അശാസ്ത്രീയതയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു. ടൗണിൽ ദേശീയപാത മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി മാറുകയാണ്.
ടൗണിൽ ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന പ്രധാന ഭാഗം കൂട്ടിക്കൽ ജംഗ്ഷനും ബസ് സ്റ്റാൻഡിനും ഇടയിലാണ്. മുന്പ് ഈ ഭാഗത്ത് സീബ്രാലൈനുണ്ടായിരുന്നു. എന്നാൽ, പതിവായി ഇവിടെ റോഡ് തകരാറിലായതോടെ നവീകരണത്തിന്റെ ഭാഗമായി ടൈൽ പാകി. ഇതോടെ നിലവിലുണ്ടായിരുന്ന സീബ്രാലൈനുകൾ മാഞ്ഞു.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഈ ഭാഗത്ത് ഡിവൈഡറുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ വളരെ വേഗത്തിൽ വരികയും അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
അശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നതുമൂലം ഒരേസമയം മൂന്നോ നാലോ ആളുകൾക്ക് മാത്രമാണ് ഒരുമിച്ച് റോഡ് മുറിച്ചുകടക്കാൻ കഴിയുന്നത്. പല സമയങ്ങളിലും റോഡ് മുറിച്ചുകടക്കാൻ കഴിയാതെ റോഡിന്റെ മധ്യഭാഗത്ത് കൂട്ടമായി ആളുകൾ നിൽക്കുന്ന കാഴ്ചയുമുണ്ട്.
ഇതോടെ റോഡിന്റെ പല ഭാഗങ്ങളിലൂടെയും ആളുകൾ മറികടന്ന് സഞ്ചരിക്കുമ്പോൾ ഗതാഗതക്കുരുക്കിനും ഒപ്പം അപകടങ്ങൾക്കും ഇടയാകുന്നുണ്ട്. കൂടുതൽ ആളുകൾക്ക് ഒരേസമയം റോഡ് മുറിച്ചുകിടക്കാവുന്ന രീതിയിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
മുണ്ടക്കയം സർക്കാർ ആശുപത്രി ജംഗ്ഷനിൽ ദേശീയപാതയിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, അശാസ്ത്രീയമായി ഇവിടെ സീബ്രാലൈനുകൾ വരച്ചിരിക്കുന്നതുമൂലം കിഴക്കുഭാഗത്തുനിന്നു വരുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ ഇത് പെടില്ല.
തൊട്ടടുത്തെത്തിക്കഴിയുമ്പോൾ മാത്രമാണ് യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. അപ്പോഴേക്കും അപകടം സംഭവിച്ചുകഴിയും. കൂടാതെ കാലപ്പഴക്കത്താൽ സീബ്രാലൈനുകൾ മാഞ്ഞു തുടങ്ങിയത് അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
ടിബി ജംഗ്ഷനും മുണ്ടക്കയം ബസ് സ്റ്റാൻഡിനുമിടയിലായി മറ്റൊരു സീബ്രാലൈനുണ്ടെങ്കിലും ഇതിനോടു ചേർന്ന് ബാരിക്കേഡുകൾ വച്ചിരിക്കുന്നതുമൂലം കാൽനട യാത്രക്കാർക്ക് ഒന്നിച്ച് റോഡ് മുറിച്ചുകടക്കാൻ കഴിയില്ല. ഇവിടെയും കാലപ്പഴക്കത്താൽ സീബ്രാലൈനുകൾ പാതിഭാഗം മാഞ്ഞ നിലയിലാണ്. കൂടാതെ ദേശീയപായുടെ ഇരുവശങ്ങളിലെയും സീബ്രാലൈനുകൾക്കും കാലപ്പഴക്കത്താൽ മങ്ങൽ സംഭവിച്ചിട്ടുണ്ട്.