ചെത്തിപ്പുഴ ആശുപത്രിയില്‍ സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിനു തുടക്കം
1460159
Thursday, October 10, 2024 6:25 AM IST
ചങ്ങനാശേരി: സ്തനാര്‍ബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി 31 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ ഉദ്ഘാടനം നിര്‍വഹിച്ചു.
21 മുതല്‍ 26 വരെ സൗജന്യ മാമോഗ്രഫി പരിശോധന, സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്, 31 വരെ വിവിധ സ്ഥലങ്ങളില്‍ ബോധവത്കരണ സ്കിറ്റുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറാണ് സ്തനാര്‍ബുദം. നേരത്തേയുള്ള രോഗനിര്‍ണയവും ശരിയായ ചികിത്സയും രോഗം ഭേദപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.
ഹോസ്പിറ്റല്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് പ്രഫ. ജേക്കബ് കുര്യന് നേര്യംപറമ്പില്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ബോബന് തോമസ്, കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സുകേഷ് സി. നായര്‍, കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. ബ്ലെസി ജോണ്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുംകൂടി ഏറ്റവും മികച്ചതും ഉന്നത നിലവാരമുള്ളതുമായ അര്‍ബുദചികിത്സ കുറഞ്ഞ ചെലവില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ പൂര്‍ണസജ്ജമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.