മാര്‍ കാവുകാട്ട് കരുണയുടെ സുഗന്ധം പരത്തിയ പുണ്യാത്മാവ്: മാര്‍ പെരുന്തോട്ടം
1460092
Wednesday, October 9, 2024 11:44 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 55ാം ശ്രാദ്ധപ്പെരുന്നാളിന് അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശ്വാസി സഹസ്രങ്ങള്‍ എത്തി. മര്‍ത്ത്മറിയം കബറിട പള്ളിയില്‍ രാവിലെമുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും പൊതിച്ചോര്‍ സദ്യയിലും വൈദികര്‍, സന്യാസിനികള്‍, അല്മായര് തുടങ്ങിയ വലിയ വിശ്വാസിസമൂഹമാണ് പങ്കുചേര്‍ന്നത്.
രാവിലെ 11ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ദൈവനിയോഗം പ്രവാചക ദൗത്യത്തോടെ പ്രാവര്‍ത്തികമാക്കിയ പുണ്യാത്മാവായിരുന്നു മാര്‍ മാത്യു കാവുകാട്ടെന്നും കരുണയുടെ സുഗന്ധം സമൂഹത്തില്‍ പരത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
ഫാ. കുര്യന് പുത്തന്‍പുര, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ലിജോ പ്ലാത്താനം, ഫാ. ടോണി കരിക്കണ്ടം തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. രാവിലെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, ഫാ. ആല്ബിന് കാവുകാട്ട്, ഫാ. ഏബ്രഹാം വെട്ടുവേലി, ഫാ. സ്മിത്ത് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
പൊതിച്ചോര്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പുകര്‍മം കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. വിവിധ സമയങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ഫാ.മാത്യു താന്നിയത്ത്, ഫാ. ആന്റണി പോരൂക്കര, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ തുടങ്ങിയവര്‍ വിശുദ്ധകുര്ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.
തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത വിശ്വാസികള്‍ കബറിടത്തില്‍ പ്രാര്‍ഥിച്ചാണ് മടങ്ങിയത്.