അനധികൃത പാലത്തിൽ ഗതാഗതം നിരോധിച്ചു
1459834
Wednesday, October 9, 2024 5:45 AM IST
കുമരകം: പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ കാറ്റിൽപ്പറത്തി അനധികൃതമായി നിർമിച്ച പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാണ്ടൻ ബസാറിനു സമീപത്ത് ജലഗതാഗതം തടസപ്പെടുത്തി റിയൽ എസ്റ്റേറ്റ് മാഫിയ നിർമിച്ച പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചുകൊണ്ടാണ് ഇന്ന് കുമരകം പഞ്ചായത്തിൽ നിന്നു ബോർഡ് സ്ഥാപിച്ചത്.
പഞ്ചായത്തിന്റെ പത്താം വാർഡും എട്ടാം വാർഡും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പത്തു ലക്ഷം രൂപ മുടക്കി ബ്ലോക്ക് പഞ്ചായത്ത് ആഴം കൂട്ടി നവീകരിച്ച തോട്ടിലേക്ക് ഇറക്കി കൽക്കെട്ട് നിർമിച്ചാണ് പാലം നിർമിച്ചിരിക്കുന്നത് . കർഷകരുടേയും തൊഴിലാളികളുടേയും വള്ളങ്ങൾക്ക് പാലത്തിനടിയിലൂടെ പോകാൻ കഴിയാത്തവിധമാണ് പാലം നിർമിച്ചിരിക്കുന്നത്.