ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം: ബിജെപി പ്രതിഷേധം
1459539
Monday, October 7, 2024 6:54 AM IST
വൈക്കം: പെരുമശേരിയിൽ കേന്ദ്ര ഫണ്ടുപയോഗിച്ച് ആരംഭിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘർഷം. കേന്ദ്ര സർക്കാരിന്റെ പങ്ക് നഗരസഭാ അധികൃതർ പരാമർശിച്ചില്ലെന്നാരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആശുപത്രി കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും നഗരസഭയുടെ ആശുപത്രിയെന്ന നിലയിലാണ് ഫ്ളെക്സിലടക്കം പ്രചരിപ്പിച്ചതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ആശുപത്രി ഉദ്ഘാടനത്തിനായി കെ. ഫ്രാൻസിസ് ജോർജ് എംപി, നഗരസഭാ ചെയർപേഴ്സൺ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതിനിടെ ബിജെപി ടൗൺ പ്രസിഡന്റ് പി. ശിവരാമകൃഷ്ണൻ, വൈസ്പ്രസിഡന്റ് പി.ആർ. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി സുമിത്, ബിജെപി നഗരസഭാ കൗൺസിലർമാരായ ലേഖ അശോകൻ,
എം.കെ. മഹേഷ്, ബിജെപി മുൻ നഗരസഭാ കൗൺസിലർ കെ.ആർ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ തടയാനുള്ള പോലീസ് ശ്രമമാണ് സംഘർഷത്തിനിടയാക്കിയത്.
പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി സംഘർഷം അവസാനിപ്പിച്ചു.