വട്ടകപ്പാറ കുടിവെള്ളപദ്ധതിയുടെ ജലസംഭരണ ടാങ്ക് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
1458765
Friday, October 4, 2024 3:26 AM IST
കാഞ്ഞിരപ്പള്ളി: കുടിവെള്ള പദ്ധതിയുടെ ജലസംഭരണ ടാങ്ക് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വട്ടകപ്പാറ കുടിവെള്ളപദ്ധതിയുടെ ജലം സംഭരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ടാങ്കാണ് നശിപ്പിച്ചിരിക്കുന്നത്.
വട്ടകപ്പാറയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന അഞ്ച് 5,000 ലിറ്റര്‍ ടാങ്കുകളിലൊന്നാണ് മുകള്‍ ഭാഗം മുതല്‍ താഴെ വരെ പൂര്‍ണമായും വെട്ടിക്കീറി നശിപ്പിച്ചത്. പദ്ധതിയുടെ പമ്പിനു തകരാറുണ്ടായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസം പമ്പിംഗ് നടന്നില്ല. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജലവിതരണ സൊസൈറ്റി ഭാരവാഹികള്‍ വട്ടകപ്പാറ മലയിലെത്തിയപ്പോഴാണ് ടാങ്ക് നശിപ്പിച്ചതായി കണ്ടെത്തിയത്.
ഗണപതിയാര്‍ കോവില്‍ ഭാഗത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കുകളില്‍ നിറച്ചാണ് ജലവിതരണം നടത്തിയിരുന്നത്. നൂറോളം കുടുംബങ്ങളില്‍ വെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി.
ടാങ്ക് ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധമാണ് നശിപ്പിച്ചത്. ടാങ്കില്‍നിന്നു ജലവിതരണത്തിനു സ്ഥാപിച്ച പൈപ്പ് ലൈനുകളും നശിപ്പിച്ചു. സംഭവത്തില്‍ വാര്‍ഡംഗം സുനില്‍ തേനംമാക്കലും ജലവിതരണ സൊസൈറ്റി ഭാരവാഹികളും ചേര്‍ന്നു പോലീസില്‍ പരാതി നല്കി.