ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം : ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് യാഥാര്‍ഥ്യമാകുന്നു
1454703
Friday, September 20, 2024 7:05 AM IST
കോട്ടയം: പടിഞ്ഞാറന്‍മേഖലയുടെ വികസന കുതിപ്പിനു വഴിയൊരുക്കുന്ന ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് യാഥാര്‍ഥ്യമാകുന്നു. റോഡിന്റെ ടാറിംഗ് അടുത്തവര്‍ഷം ആരംഭിക്കും.
അര്‍പ്പൂക്കര-അയ്മനം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കുമരകം-വെച്ചൂര്‍ സംസ്ഥാന പാതയില്‍ ചീപ്പുങ്കലില്നിന്നും ആരംഭിച്ചു മണിയാപറമ്പിലാണ് അവസാനിക്കുന്നത്. ആറു കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് പൂര്‍ണമായും പാടത്തിനു നടുവിലൂടെയാണ്.
പാടത്തില്‍ പയലിംഗ് നടത്തി മണ്ണിട്ടുയര്‍ത്തിയ റോഡില്‍ ഉടന്‍ മെറ്റലും ബിറ്റുമിനുമിടും. അടുത്ത വര്‍ഷം ആദ്യത്തോടെ ബിഎംആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്താണു തീരുമാനം. അഞ്ചര കോടി രൂപയാണ് ബജറ്റില്‍ റോഡിനായി മാറ്റിവച്ചിരിക്കുന്നത്. മണ്ണിട്ടു ഉയര്‍ത്തിയ റോഡിനു ഉറപ്പു ലഭിക്കുന്നതിനായിട്ടാണ് ടാറിംഗ് വൈകിപ്പിച്ചത്.
മണ്ണിട്ടുയര്‍ത്തിയ റോഡിലൂടെ ചെറിയ വാഹനങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നുണ്ട്. പൂര്‍ണമായും പാടശേഖരത്തുകൂടി കടന്നുപോകുന്ന റോഡിന്റെ നിര്‍മാണത്തിനും റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിനുമായി പിവിഡ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി ഇരുപതോളം പൈപ്പുകള്വെര്ട്ടുകളും അമ്പതോളം ബോക്സ് കള്‍വെര്‍ട്ടുകളും നിര്‍മിച്ചിട്ടുണ്ട്.
ഒരു വലിയ പാലവും അഞ്ചു വലിയ കലുങ്കുകളുമുണ്ട്. ചീപ്പുങ്കലില്‍ നിന്നും മഞ്ചാടിക്കരി വഴി കരിപ്പുത്തട്ട് -തൊണ്ണന്‍കുഴി വഴി മെഡിക്കല്‍ കോളജിലേക്കുള്ള റോഡുമായിട്ടാണ് റോഡ് സംഗമിക്കും.
റോഡ് പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടു കൂടി കുമരകം, ചേര്‍ത്തല, ആലപ്പുഴ, വൈക്കം ഭാഗങ്ങളില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്താന്‍ 15 കിലോമീറ്റര്‍ ലാഭിക്കാനാകും. ബസ് സര്‍വീസുകള്‍ ഇതുവഴി ആരംഭിക്കാവുന്നതാണ്. കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങള്‍ ഈ റോഡിനായി കാത്തിരിക്കുകയായിരുന്നു.