സഭയുടെ വലിയ ജിഹ്വയാണ് ദീപിക: മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്
1454167
Wednesday, September 18, 2024 11:36 PM IST
കടനാട്: സഭയുടെ വലിയ ജിഹ്വയാണ് ദീപിക എന്ന് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കടനാട് ഫൊറോന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദീപിക സമൂഹത്തിന്റെ പ്രതീക്ഷയാണ്. സത്യത്തിന്റെ സുവിശേഷമായി മാറുവാന്‍ ദീപികയ്ക്ക് സാധിക്കുന്നു എന്നത് അഭിമാനമാണ്. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ദീപികയുടെ പ്രതിബദ്ധത ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര അധ്യക്ഷത വഹിച്ചു. ഡിഎഫ്സി പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം മുഖ്യപ്രഭാഷണം നടത്തി.
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, രൂപത പ്രസിഡന്റ് ജയ്സണ്‍ ജോസഫ് കുഴികോടിയില്‍, രൂപത വനിതാവിഭാഗം പ്രസിഡന്റ് ജാന്‍സി തോട്ടക്കര, ഫൊറോന പ്രസിഡന്റ് മധു നിരപ്പേല്‍, വനിതാ വിഭാഗം ഫൊറോന പ്രസിഡന്റ് ലിബി മണിമല, കടനാട് യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളം എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കുട്ടികളെയും വിശ്വാസപരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിച്ചു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 വര്‍ഷം ദീപിക വരിക്കാരായവരെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. ഫൊറോനായുടെ കീഴിലുള്ള എല്ലാ ഇടവകകളിലും പത്രവിതരണം സുഗമമായി നിര്‍വഹിക്കുന്ന എല്ലാ വിതരണക്കാര്‍ക്കും പ്രത്യേക പാരിതോഷികങ്ങളും നല്കി.