ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടസമുച്ചയം
1453622
Sunday, September 15, 2024 6:54 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഗവ. ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി 80 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ടെന്‍ഡര്‍ ക്ഷണിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
മൂന്നുവര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് പദ്ധതി വേഗത്തിലായതെന്നും എംഎല്‍എ അറിയിച്ചു. കിഫ്ബി മുഖാന്തിരം അനുവദിച്ച 80 കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരണം നടത്തുന്നത്. ഏകദേശം 54.87 കോടി രൂപ ഉപയോഗിച്ച് അഞ്ച് നിലകളിലായാണ് പുതിയ കെട്ടിടം വരുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷന് തിയറ്ററുകളും ഒരു മൈനര്‍ ഓപ്പറേഷന് തിയറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓര്‍ത്തോ വിഭാഗം നേത്രരോഗം, സര്‍ജിക്കല്‍, മെഡിക്കല്‍, ഇഎന്‍ടി, ത്വക്ക് രോഗവിഭാഗങ്ങള്‍ തുടങ്ങിയവയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി റൂമുകളും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള റൂമുകള്‍,
വയോജന-ശിശുസൗഹൃദ റൂമുകളും ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളും പോലീസ് എയ്ഡ് പോസ്റ്റും സിടി സ്കാന്‍, ഫാര്‍മസി, റേഡിയോളജി, ടോയ്ലറ്റുകള്, സര്‍ജിക്കല്‍ വാര്‍ഡുകള്‍, റസ്റ്റ് റൂമുകള്‍, പാന്‍ട്രി ഐസൊലേഷന്‍ റൂം, പ്ലാസ്മ സ്റ്റോര്‍ റൂം, കൗണ്‍സിലിംഗ് റൂം, ലിഫ്റ്റ് സംവിധാനം തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നത്.
ബാക്കിയുള്ള 26 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക സംവിധാനങ്ങളും മറ്റും സജ്ജമാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങള്‍ക്ക് നല്കാന് കഴിയുമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.