വേമ്പനാട്ടുകായൽ നീന്തിക്കീഴടക്കി ശ്രാവൺ വേൾഡ് ബുക്ക്സ് ഓഫ് റിക്കാർഡ്സിൽ
1453367
Saturday, September 14, 2024 11:15 PM IST
വൈക്കം: വേമ്പനാട്ടുകായൽ നീന്തിക്കീഴടക്കി ആറു വയസുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്-രഞ്ജുഷ ദമ്പതികളുടെ മകൻ മൂവാറ്റുപുഴ പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ എസ്. നായരാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കായൽ നീന്തി ക്കടന്നത്.
കായലിൽ തിങ്ങി വ്യാപിച്ച പോള സൃഷ്ടിച്ച പ്രതിബന്ധങ്ങൾ നീക്കിയാണ് ഈ കൊച്ചുമിടുക്കൻ റിക്കാർഡ് തീർത്തത്. രാവിലെ 8.28ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽനിന്ന് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.10.35ഓടെ വൈക്കം കായലോര ബീച്ചിലേക്ക് ശ്രാവൺ നീന്തിക്കയറി. ഇതോടെ ഏഴു കിലോമീറ്റർ കായലിൽ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ആദ്യ ആൺകുട്ടിയുമായി ശ്രാവൺ.
കായലോരത്ത് ജനപ്രതിനിധികളടക്കം നിരവധിയാളുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് ശ്രാവണിനെ വരവേറ്റത്. ഫ്രാൻസിസ് ജോർജ് എംപി, ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കത്തെയും കോതമംഗലത്തെയും ജനപ്രതിനിധികൾ, റിട്ട. ക്യാപ്റ്റൻ എ.വിനോദ് കുമാർ, കോ-ഓർഡിനേറ്റർ ശിഹാബുദ്ദീൻ സൈനു തുടങ്ങിയവർ ശ്രാവണിനെ അഭിനന്ദിച്ചു.
വൈക്കം കായലോര ബീച്ചിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. വൈക്കം വിജയലക്ഷ്മി, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്,നഗരസഭാ കൗൺസിലർ ബിന്ദു ഷാജി, എൻ. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.