പരിസ്ഥിതിലോല പ്രദേശം: കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കും
1453113
Friday, September 13, 2024 11:50 PM IST
പൂഞ്ഞാർ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ ഉൾപ്പെടുത്തിയിട്ടുള്ളത് പ്രദേശങ്ങൾ നിർണയിക്കുന്നതിനുള്ള കസ്തൂരി രംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്നും ജനനിബിഡ പ്രദേശങ്ങളായ ഈ മേഖലകളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിശ്ചയിക്കുന്നത് ജനങ്ങൾക്ക് വലിയ ആശങ്ക ഉളവാക്കുന്നുവെന്നും ജനപ്രതിനിധികളുടെ യോഗം ചൂണ്ടിക്കാട്ടി.
വിഷയം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിലാണ് ആശങ്കയും ആക്ഷേപവും ഉണർന്നത്. കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കേണ്ട ഈ മാസം 29-ാം തീയതിയ്ക്കകം വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ ആക്ഷേപം സമർപ്പിക്കുമെന്നു യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗം എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻപ് പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിൽനിന്നു മേൽപ്പറഞ്ഞ വില്ലേജുകളെ ഒഴിവാക്കിയിരുന്നതാണെന്നും വീണ്ടും അവ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചതു പിശകാണെന്നും യോഗം വിലയിരുത്തി. എന്നാൽ പരിസ്ഥിതിലോല പ്രദേശങ്ങൾ സൂചിപ്പിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള കടസ്ട്രൽ മാപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വില്ലേജുകൾ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് ഈ പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പരിഗണിക്കപ്പെടേണ്ടതില്ല എന്നുള്ളതിന്റെ സൂചനയായി യോഗം വിലയിരുത്തി.
പഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചുകൂട്ടി വിഷയം ജനങ്ങളുമായി ചർച്ച ചെയ്തു ജനജീവിതത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അനാവശ്യമായ നിബന്ധനകളും വ്യവസ്ഥകളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, വൈസ് പ്രസിഡന്റ് രജനി സുധീർ, തീക്കോയി ഗപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി. അജിത്ത് കുമാർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, പരിസ്ഥിതിലോല പ്രദേശ നിർണയ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ചാർലി തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിമാരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.