ആറന്മുളയിലേക്കു തിരുവോണ വിഭവങ്ങളുമായി തോണി തിരിച്ചു
1452847
Friday, September 13, 2024 1:30 AM IST
കോട്ടയം: ആറന്മുളയിലേക്കു തിരുവോണ വിഭവങ്ങളുമായി കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുനിന്നുള്ള തോണി യാത്രതിരിച്ചു. തിരുവാറന്മുളയപ്പനു ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായാണ് മങ്ങാട്ട് ഇല്ലത്ത് എം.എന്‍. അനൂപ് നാരായണ ഭട്ടതിരിയാണ് ചുരുളന്‍ വള്ളത്തില്‍ യാത്ര ചെയ്യുന്നത്.
ഇന്നലെ രാവിലെ കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പായസനിവേദ്യവും കഴിച്ചു പ്രാര്‍ഥനയും നടത്തിയാണ് അനൂപ് ഭട്ടതിരി ആറന്മുളയിലേക്ക് യാത്രക്കായി ഒരുങ്ങിയത്. തുടര്‍ന്നു 11.30നു യാത്ര പുറപ്പെട്ടു.
ഇന്നു കോഴഞ്ചേരി കാട്ടൂരിലെത്തും. വൈകുന്നേരം കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ പൂജയ്ക്കുശേഷം കരക്കാര് ഒരുക്കുന്ന ഓണവിഭവങ്ങളുമായി രാത്രിയില്‍ തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് യാത്ര തിരിക്കും. കാട്ടൂരില്‍നിന്ന് 18 ദേശവഴിക്കാരുടെ പള്ളിയോടങ്ങളുടെ അകമ്പടിയുമുണ്ടാകും. നെല്ലു കുത്തിയെടുത്ത പുന്നെല്ലരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളാണു തോണിയിലുണ്ടാകുക.
കാട്ടൂരില്‍ എത്തുന്നതോടെ അനൂപ് ഭട്ടതിരിയുടെ ചുരുളന്‍ വള്ളം തിരുവോണത്തോണിയുടെ അകമ്പടി തോണിയായി മാറും.
തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള മധുകടവില്‍ തോണിയെത്തും. തോണിയില്‍ എത്തിക്കുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണു ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്.
ക്ഷേത്രക്കടവില്‍ എത്തുന്ന ഭട്ടതിരി ഭദ്രദീപം ആറന്മുള കെടാവിളക്കിലേക്ക് പകര്‍ന്ന് ഓണവിഭവങ്ങള്‍ ഭഗവാന് സമര്‍പ്പിക്കും. നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള മങ്ങാട്ടില്ലത്തെ കാരണവരുടെ ഐതിഹ്യവും ആചാരവും തിരുവാറന്മുളയപ്പന്റെ അനുഗ്രഹമായിട്ടാണ് മങ്ങാട്ടില്ലത്തുകാര് കണക്കാക്കുന്നത്. വിദ്യാസാഗര്‍, സുരേഷ് എന്നീ തുഴച്ചില്ക്കാരോടൊപ്പമാണ് അനൂപ് നാരായണ ഭട്ടതിരിയുടെ യാത്ര.