സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
1452797
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: ഇന്ത്യയില്‍ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങള്‍ പഠിക്കുന്ന ഒന്നാം വര്‍ഷ മലയാളി വിദ്യാര്‍ഥികളില്‍നിന്നും ഹൂസ്റ്റന്‍ (യുഎസ്എ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന് (എംഇഎ), സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്കോളര്‍ഷിപ്പ് പ്രതി വര്‍ഷം 600 (അറുനൂറ്) യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും.
സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി പഠന കാലാവധി തീരുംവരെ ഓരോ വര്‍ഷവും 600 യുഎസ് ഡോളർ ലഭിക്കുന്നതായിരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30 വരെ സ്വീകരിക്കും. കഴിഞ്ഞ 25 വര്‍ഷമായി ഈ സ്കോളര്‍ഷിപ്പ് പദ്ധതി തുടര്‍ന്നുവരുന്നു.
വിദ്യാര്‍ഥികളുടെ പഠനമികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളര്‍ഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ ചുരുക്കത്തില്‍:
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത്. കീം പ്രവേശന പരീക്ഷയില്‍ റാങ്ക് ഒന്നു മുതല്‍ 5,000 വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ സ്കോര്‍ 110നു മുകളില്‍ ആയിരിക്കണം. 10, 12 ക്ലാസ് പരീക്ഷകളില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷാ ഫോം www.mea houston.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.