നാട്ടിലെ കര്‍ഷകര്‍ക്ക് വിപണി കിട്ടാന്‍ ബുദ്ധിമുട്ട്
1452035
Monday, September 9, 2024 11:46 PM IST
കോട്ടയം: വിളവെടുത്തപ്പോള്‍ വിപണി കിട്ടാന്‍ പാട്, ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഓണക്കാലത്ത് പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍. വിറ്റഴിക്കാന്‍ വിപണി ലഭിക്കാത്തതും വില കുത്തനെ ഇടിക്കുന്നതുമാണു കര്‍ഷകരെ വെട്ടിലാക്കുന്നത്.
ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പച്ചക്കറി, വാഴ കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളപ്പൊക്കവും മഴയും കാറ്റും ഓണകൃഷിയെ ബാധിച്ചിരുന്നു. പടവലം, പാവല്‍, വെള്ളരി, പയര്‍, കോവല്‍ തുടങ്ങിയ ഇനങ്ങളാണ് കര്‍ഷകരിലേറെയും ഓണവിപണിയ്ക്കായി ഒരുക്കിയിരുന്നത്. ഇവയില്‍ പടവലം, വെള്ളരി കര്‍ഷകരാണ് ഏറെ വലയുന്നത്. പലയിടങ്ങളിലും വെള്ളരിക്കു 10 രൂപ പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ദിവസങ്ങളോളം കേടു കൂടാതിരിക്കുമെന്നതാല് തമിഴ്നാട് പച്ചക്കറി വാങ്ങാനാണ് വ്യാപാരികള്‍ക്കു താത്പര്യമെന്നു കര്‍ഷകര്‍ പറയുന്നു. പാവല്‍, കോവല്‍ കര്‍ഷകരെയും പ്രതിസന്ധി തളര്‍ത്തുന്നുണ്ട്.
കര്‍ഷകരില്‍നിന്ന് 30 -40 രൂപയ്ക്കു വാങ്ങൂന്ന പാവയ്ക്ക 80 രൂപയ്ക്കു വരെയാണ് വില്‍പ്പന. ഇപ്പോഴും മിക്കയിടങ്ങളിലും ചേന 100 രൂപയ്ക്കാണു വില്‍ക്കുന്നതെങ്കിലും കര്‍ഷകര്‍ വില്ക്കാന് എത്തിക്കുമ്പോള്‍ 50 രൂപ പോലും നല്കാന് കച്ചവടക്കാര്‍ക്കു മടിയാണ്. തമിഴ്നാട് ചേനയാണ് വ്യാപകമായി വിപണിയില്‍ എത്തുന്നത്.
വിലയിടിക്കുന്നതിനാല് ഏത്തവാഴക്കര്ഷകരും പ്രതിസന്ധിയിലാണ്. 80 രൂപ വരെ നാടന്‍ കുലയ്ക്കു വിലയുണ്ടെങ്കിലും 40-50 രൂപയ്ക്കാണ് വാങ്ങുന്നത്. ഓണം വിപണി മുന്നില്‍ കണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഏത്തവാഴകൃഷിക്കായി കര്‍ഷകരെ സഹായിച്ചിരുന്നു. ഇതോടെ, കഴിഞ്ഞയാഴ്ച മുതല്‍ വ്യാപകമായി ഏത്തവാഴക്കുലകള്‍ എത്തിത്തുടങ്ങി. പച്ചക്കറി സംഭരണം നടത്താന്‍ മണര്‍കാട്ട് പച്ചക്കറി ഹബ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പച്ചക്കറി സംഭരിക്കാന്‍ സംവിധാനമൊരുക്കുമെന്നാണു കൃഷി വകുപ്പ് കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു നടപടിയുണ്ടായില്ല.