നടീല്കൃഷി പറ്റിച്ചു; ചേനയും ചേമ്പും പാകമായില്ല
1451763
Sunday, September 8, 2024 11:50 PM IST
കോട്ടയം: വിളവ് കണക്കുകൂട്ടല്‍ തെറ്റിച്ചതോടെ കിഴങ്ങിനങ്ങള്‍ക്കും വിപണിയില്‍ വില കയറി. ഓണവാരത്തില്‍ കൈപൊള്ളുന്ന സ്ഥിതിയിലേക്കു വില ഉയരാനാണു സാധ്യത. കഴിഞ്ഞ വര്‍ഷം പിഴച്ചതാണ് കുറുമ്പൂകൃഷി അഥവാ നടീല്കൃഷി. ഏപ്രില്‍, മേയ് മാസങ്ങളിലാണ് കൃഷിയിടം ഒരുക്കി വീടുകളിലേക്കുള്ള കരുതല്കൃഷി. പോയവര്‍ഷം ജൂണിലും ജൂലൈയിലും കാലവര്‍ഷം ലഭിക്കാതെ വന്നതോടെ നടീല്‍ കൃഷിയേറെയും നീറിപ്പോയി.
കാര്യമായി വിളവുണ്ടായതുമില്ല. അതിനാല്‍ ഇക്കൊല്ലം ചേമ്പ്, ചേന, കാച്ചില് തുടങ്ങിയ വിത്തുകള്‍ക്ക് ക്ഷാമമുണ്ടായി. ഒപ്പം തീവിലയും. ഇക്കൊല്ലം കാലവര്‍ഷം ശക്തിപ്പെട്ടതോടെ ഓണത്തിന് പറിക്കാന്‍ പാകത്തില്‍ ചേമ്പും ചേനയും കാച്ചിലും പാകമായിട്ടില്ല. അവിയലും സാമ്പാറും മറ്റും രുചികരമാകാന്‍ ചേമ്പും ചേനയും കൂടിയേ തീരൂ.
ചേമ്പ് ഇനങ്ങള്‍ക്ക് 80-100 രൂപയും ചേനയ്ക്ക് 75 രൂപയുമൊക്കെയാണ് നിരക്ക്. കര്‍ഷകര്‍ മാര്‍ക്കറ്റിലെത്തിച്ചാല്‍ ഇതിനൊക്കെ കിട്ടുക നിസാരവില. ലാഭം അപ്പാടെ വ്യാപാരികള്‍ക്കും.