ഇത്തിത്താനം സെന്റ് മേരീസ് പള്ളി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
1451703
Sunday, September 8, 2024 7:11 AM IST
ചങ്ങനാശേരി: ഇത്തിത്താനം സെന്റ് മേരീസ് പള്ളിയുടെ ഒരുവര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢ സമാപനം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളം എല്ലാ മതങ്ങളെയും ഉള്‍ക്കാള്ളുന്ന നാടാണെന്നും മതങ്ങള്‍ മനുഷ്യരുടെ നന്മയും വളര്‍ച്ചയുമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, സാംസ്കാരിക ആതുരസേവന രംഗങ്ങളില്‍ ക്രൈസ്തവ സഭകള്‍ നല്കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും ശതാബ്ദി പിന്നിടുന്ന ഇത്തിത്താനം ഇടവക ആത്മീയ രംഗത്തെന്നപോലെ സാമൂഹ്യരംഗത്തും നല്കുന്ന നന്മകള് ശ്ലാഘനീയമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ശതാബ്ദി സ്മാരക ഭവനങ്ങളുടെ താക്കോല്‍ദാനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. നിര്‍ധനര്‍ക്ക് ഭവനങ്ങള്‍ നിര്മിച്ചുനല്കുന്നതടക്കം സുനിശ്ചിതമായ നന്മകള് ഇത്തിത്താനം പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് ശ്ലാഘനീയമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹ സന്ദേശം നല്കി. മിസൈല്‍ വനിത ടെസി തോമസ് സന്ദേശം നല്കി.
കൊടിക്കുന്നില്‍ സുരേഷ് എംപി, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. റൂബിള്‍ രാജ്, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് കെ.ജി. രാജ്മോഹന്‍, ജനറല്‍ കണ്‍വീനർ ബിനു മുണ്ടകത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയില്‍ ഇന്ന് പരിശുദ്ധകന്യകാമാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷിക്കും.